റെയിൽവേയിലെ സുരക്ഷാ വീഴ്ച; വിദഗ്ധ സമിതി പഠിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി
text_fieldsന്യൂഡൽഹി: റെയിൽവേയിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും അവയുടെ പോരായ്മകളെ കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരടങ്ങിയ സമിതിയെ സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യാനായി നിയമിക്കണമെന്നാണ് അഭിഭാഷകനായ വിശാൽ യിവാരി നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നത്. 288 പേർ കൊല്ലപ്പെട്ട ഒഡിഷയിലെ ബാലസോർ ട്രെയിൻ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹരജി.
സുരക്ഷാ സംവിധാനത്തെ കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും വിശദമായ അന്വേഷണം വേണം. രണ്ട് മാസത്തിനകം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ പറയുന്നു.
വെള്ളിയാഴ്ച രാത്രി ഏഴിന് ബാലസോറിനടുത്ത ബഹാനഗബസാറിൽ മൂന്നു ട്രെയിനുകൾ ഒന്നിനു മേൽ ഒന്നായി ഇടിച്ചുകയറിയാണ് രാജ്യം അടുത്തിടെ കണ്ട വലിയ ട്രെയിൻ അപകടമുണ്ടായത്. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 170 കി.മീ വടക്കാണ് ബഹാനഗബസാർ. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് (12841), ബംഗളൂരു-ഹൗറ എക്സ്പ്രസ് (12864), ചരക്കുവണ്ടി എന്നിവയാണ് അപകടത്തിൽപെട്ടത്.
അതേസമയം, ട്രെയിൻ ദുരന്തത്തിന്റെ കാരണവും ഉത്തരവാദികളേയും കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് മന്ത്രിയുടെ പ്രതികരണം. അപകടസ്ഥലത്ത് റെയിൽവേയുടെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനെത്തിയതായിരുന്നു മന്ത്രി.
റെയിൽവേ സേഫ്റ്റി കമീഷണർ അപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിന്റെ കാരണവും അതിന് ഉത്തരവാദികളായവരേയും കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.