അവകാശികളില്ലാത്ത നിക്ഷേപം കൈമാറുന്നതിൽ ചട്ടം രൂപീകരിക്കണമെന്ന് സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: അവകാശികളില്ലാത്ത നിക്ഷേപങ്ങൾ അവരുടെ ബന്ധുക്കൾക്ക് കൈമാറുന്നത് സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിക്കണമെന്ന ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ധനകാര്യമന്ത്രാലയത്തിന് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. മാധ്യമപ്രവർത്തക സുജേത ദലാൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി നിർദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പാർഡിവാല എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അവകാശികളെത്താത്ത നിക്ഷേപകങ്ങളെ സംബന്ധിച്ച് അവരുടെ നിയമപ്രകാരമുള്ള പിന്മുറക്കാരെ വിവരം അറിയിക്കുന്നതിൽ ചട്ടം രൂപീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
കേസിലെ എതിർകക്ഷികളായ കോർപ്പറേറ്റ് മന്ത്രാലയവും, ആർ.ബി.ഐയും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, ധനകാര്യമന്ത്രാലയം ഇത് സമർപ്പിച്ചില്ല. തുടർന്ന് ധനകാര്യമന്ത്രാലയം അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇത് അനുവദിച്ച കോടതി കേസ് മൂന്ന് ആഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് അറിയിച്ചു.
ധനകാര്യമന്ത്രാലയം, സെബി, കോർപ്പറേറ്റ് മന്ത്രാലയം, ആർ.ബി.ഐ എന്നിവരോട് അവകാശികളില്ലാത്ത നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ യഥാർഥ അവകാശികൾക്ക് കൈമാറാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് സുജേത ദലാൽ കോടതിയിൽ ഹരജി സമർപ്പിച്ചത്. ഇതിനായി ഓൺലൈൻ സംവിധാനം വേണമെന്നും അവർ ഹരജിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.