പിലിഭിത്ത് വ്യാജ ഏറ്റുമുട്ടൽ കൊല: 43 പൊലീസുകാരുടെ ജീവപര്യന്തം ഏഴ് വർഷം തടവായി ഇളവുചെയ്ത് ഹൈകോടതി
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ 10 സിഖ് തീര്‍ഥാടകരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ 43 പൊലീസ് ഉദ്യോഗസ്ഥരുടെ ജീവപര്യന്തം തടവ് ഏഴ് വർഷം കഠിന തടവായി കുറച്ച് അലഹബാദ് ഹൈകോടതി. 10,000 രൂപ വീതം പിഴയും വിധിച്ചു. കേസിൽ, 2016ൽ സി.ബി.ഐ പ്രത്യേക കോടതി 57 പൊലീസുകാരെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഇവർ നൽകിയ ഹരജിയിലാണ് ശിക്ഷയിൽ ഇളവനുവദിച്ചത്. പ്രതികളായ 57 പൊലീസുകാരിൽ 14 പേർ വിവിധ കാലങ്ങളിലായി മരിച്ചിരുന്നു.
നിയമം നൽകിയ അധികാരം മറികടന്നുകൊണ്ടാണ് പൊലീസിന്‍റെ നടപടിയെന്ന് ഹൈകോടതി നിരീക്ഷിച്ചെങ്കിലും, തങ്ങളുടെ ചുമതല നിർവഹിക്കാനുള്ള നിയമപരമായ നടപടിയെന്ന് ധരിച്ചാണ് കൊലപാതകം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ ഭീകരവാദികളാണെങ്കിൽ പോലും അവരെ കൊല്ലുകയെന്നത് പൊലീസിന്‍റെ കടമയല്ല. പ്രതികളെ പിടികൂടി വിചാരണക്ക് വിടുകയാണ് വേണ്ടത്. കൊല്ലപ്പെട്ടവരും പൊലീലുകാരും തമ്മിൽ മുൻ ശത്രുതയുണ്ടായിരുന്നില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
1991 ജൂലായ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സിഖ് തീര്‍ഥാടകരെ ഖലിസ്ഥാനി ഭീകരരെന്ന് ആരോപിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ബസ് തടഞ്ഞുനിര്‍ത്തിയ പോലീസ് സംഘം 10 പേരെ ബലംപ്രയോഗിച്ച് പുറത്തേക്കിറക്കി.
അവശേഷിച്ച സ്ത്രീകളെയും കുട്ടികളെയും പിലിഭിത്തിലെ ഗുരുദ്വാരയിലേക്ക് കൊണ്ടുപോയി. പുരുഷന്മാരെ മറ്റൊരു വാഹനത്തിലിരുത്തുകയും ചെയ്തു.
വൈകുന്നേരത്തോടെ കൂടുതല്‍ പോലീസുകാര്‍ എത്തിയശേഷം ആണുങ്ങളെ വനമേഖലയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജൂലായ് 12, 13 ദിവസങ്ങളില്‍ വനത്തിനുള്ളില്‍ മൂന്നിടത്തുവെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തതായി പൊലീസ് അവകാശപ്പെട്ടിരുന്നു.
പുരസ്‌കാരങ്ങളും ബഹുമതികളും നേടാനായിരുന്നു പൊലീസ് ഈ ക്രൂരകൃത്യം ചെയ്തതെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തൽ.
കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് 2016ൽ വിധിച്ച പ്രത്യേക കോടതി 47 പൊലീസുകാര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. 10 പൊലീസുകാർ വിചാരണ വേളയില്‍ മരിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.