രാജസ്ഥാൻ പ്രതിസന്ധിക്കിടെ സോണിയയെ കാണാനായി സചിൻ പൈലറ്റ് ഡൽഹിയിൽ
text_fieldsജയപൂർ: കോൺഗ്രസ് ദേശീയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാൻ കോൺഗ്രസിലുണ്ടായ പ്രതിസന്ധി രൂക്ഷമായിരിക്കേ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. പാർട്ടിയുടെ സംസ്ഥാന ഘടകത്തിലെ സ്ഥിതിഗതികൾ ദേശീയ നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് പൈലറ്റിന്റെ സന്ദർശനം.
ഇതുവരെ അദ്ദേഹത്തിന്‍റെ ഡൽഹിയിലെ കൂടികാഴ്ചകളൊന്നും നിശ്ചയിച്ചിട്ടില്ല. രാജസ്ഥാനിലെ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കെനും സമർപ്പിച്ച റിപ്പോർട്ടുകൾക്കായും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനും കാത്തിരിക്കുകയാണ് സചിൻ പൈലറ്റ്.
എ.ഐ.സി.സി പ്രസിഡന്റായി അശോക് ഗെഹ്ലോട്ടിനെ തെരഞ്ഞെടുത്താൽ ഒഴിവു വരുന്ന മുഖ്യമന്ത്രി പദത്തിലേക്ക് സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി നിർദേശിക്കുക എന്നതായിരുന്നു ഹൈക്കമാന്റ് തീരുമാനം. എന്നാൽ, ഇത് അംഗീകരിക്കാൻ തയാറാകാതിരുന്ന ഗെഹ്ലോട്ട് പക്ഷത്തെ 90 എം.എൽ.എമാർ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയും രാജിക്കത്ത് നൽകുകയും ചെയ്തു. ഇതോടെയാണ് പാർട്ടിയിൽ പ്രതിസന്ധി ഉടലെടുത്തത്.
ഒന്നുകിൽ ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരണം, അല്ലെങ്കിൽ ഗെഹ്ലോട്ട് നിർദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എം.എൽ.എമാരുടെ ആവശ്യം. സചിൻ പൈലറ്റിനെയോ അദ്ദേഹത്തിന്റെ പക്ഷക്കാരെയോ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നും എം.എൽ.എമാർ അറിയിച്ചിരുന്നു.
അശോക് ഗെഹ്ലോട്ടിന്‍റെ അറിവോടെയാണ് എം.എൽ.എമാർ രാജിക്കൊരുങ്ങിയതെന്ന് ആരോപണമുണ്ടായെങ്കിലും തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ഗെഹ്ലാട്ട് സ്വീകരിച്ചത്. തുടർന്ന്, ദേശീയ നേതൃത്വത്തിനുണ്ടായ അനിഷ്ടം അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിന്‍റെ സ്ഥാനാർഥിത്വത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സചിൻ പൈലറ്റ് സോണിയാ ഗാന്ധിയെ കാണാൻ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.