'രാജ്യ താൽപര്യം കണക്കിലെടുത്ത് അഗ്നിപഥ് നിർത്തിവെക്കണം'; പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിന്റെ താൽപര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി പദ്ധതി നിർത്തിവെക്കണം. സാങ്കേതിക വിദഗ്ധരുടെ വിമർശനം കണക്കിലെടുക്കണമെന്നും യുവാക്കളുടെ ആശങ്കകൾ ശരിയായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടിരുന്നു. സൈനിക സേവനം പാർട്ട്ടൈം ജോലിയല്ല. ഇത്തരം നിയമനം സൈന്യത്തിന്‍റെ നിയന്ത്രണം അപകടത്തിലാക്കും. രാഷ്ട്രത്തിന്‍റെ സുരക്ഷയും സൈന്യത്തിൽ ചേരണമെന്ന ദശലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹവും കണക്കിലെടുത്ത് ദേശീയ താൽപര്യത്തിനെതിരായ പദ്ധതി ഉടൻ പിൻവലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.