രാഷ്ട്രത്തിെൻറ നെഞ്ച് പിളർത്ത ആ പിസ്റ്റൾ ജനം ഇനിയും കാണട്ടെ
text_fieldsഗാന്ധിഭവൻ പൊളിച്ചത് ഗാന്ധി എന്ന് പേരുള്ള ക്രെയ്ൻ ഉപയോഗിച്ചാണ്! എറണാകുളം കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്തിരുന്ന ഗാന്ധിഭവൻ, മെട്രോ റെയിലിെൻറ തൂണുകൾ സ്ഥാപിക്കാനാണ് പൊളിച്ചുനീക്കിയത്. ഇപ്പോഴവിടെ ദയനീയ മുഖഭാവമുള്ള ഗാന്ധി പ്രതിമ മാത്രമാണുള്ളത്. പൊളിക്കലിെൻറ രാഷ്ട്രീയം വെറുപ്പിെൻറ രാഷ്ട്രീയമാണ്. ബാബരി മസ്ജിദ് പൊളിച്ച അതേ വികാരത്തോടെതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഉരുക്കുപ്രതിമ സംഘ്പരിവാറിെൻറ ഒത്താശയോടെ നിർമിക്കുന്നത്. അത് പക്ഷേ, രാഷ്ട്രപിതാവിെൻറ പ്രതിമയല്ല, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭ് ഭായ് പട്ടേലിേൻറതാണ്. എന്തുകൊണ്ട് സംഘ്പരിവാർ കോൺഗ്രസുകാരനായ പട്ടേലിെൻറ പ്രതിമ നിർമിക്കുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച തോക്കിന് എന്ത് സംഭവിച്ചു എന്ന ഉത്തരവുമായി കൂട്ടി വായിക്കേണ്ടതുണ്ട്.
‘9 എം.എം ബെരേറ്റ’ എന്ന നോവൽ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങളിലേക്ക് എെൻറ ശ്രദ്ധ തിരിഞ്ഞത്. ഗാന്ധി ഘാതകൻ ഗോദ്സെയും കൂട്ടാളി നാരായൺ ആപ്തെയും ഗ്വാളിയോറിൽ നിന്ന് സംഘടിപ്പിച്ച 9 എം. എം ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ ഇപ്പോൾ എവിടെയുണ്ട് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഡൽഹിയിലെ നാഷനൽ ഗാന്ധി മ്യൂസിയത്തിലാണ്. 1997വരെ അത് അവിടെ പൊതുദർശനത്തിന് വെച്ചിരുന്നു. പിന്നീട് ആ തോക്കിന് എന്ത് സംഭവിച്ചു? വാജ്പേയി സർക്കാറിെൻറ കാലത്ത് എന്തെങ്കിലും ഇടപെടൽ ഉണ്ടായോ? ഫാഷിസത്തിെൻറ വഴികൾ ദുരൂഹമാണ്. 9 എം.എം ബെരേറ്റ നാഷനൽ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗാലറിയിൽനിന്ന് എടുത്തു മാറ്റിയപോലെ വിചിത്രമാണ് അത്. നാഷനൽ ഗാന്ധി മ്യൂസിയം ഒരു ട്രസ്റ്റിെൻറ കീഴിലാണ്. കേന്ദ്ര സർക്കാറിന് നേരിട്ട് ഒരു ബന്ധവും മ്യൂസിയത്തിെൻറ നടത്തിപ്പുമായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ശക്തികൾ ട്രസ്റ്റിൽ കയറിപ്പറ്റാനും മ്യൂസിയം നടത്തിപ്പിൽ സ്വാധീനം ചെലുത്താനും ബോധപൂർവം ശ്രമിക്കുന്നുണ്ട്.
ചരിത്രത്തിെൻറ പുനഃപ്രതിഷ്ഠയാണല്ലോ അവരുടെ അജണ്ട. ‘‘ഏകദേശം 20 കൊല്ലം മുമ്പുവരെ തോക്ക് പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധം ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. അത് എടുത്തുമാറ്റിയ വർഷമോ ദിവസമോ എനിക്കറിയില്ല. അത് ബോർഡിെൻറ തീരുമാനമായിരുന്നു. തോക്ക് കാണുമ്പോൾ ആൾക്കാരുടെ മനസ്സിൽ നെഗറ്റിവ് ഫീലിങ് ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കാനാകാം അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. അല്ലാതെ അനിഷ്ടസംഭവങ്ങൾ ഉണ്ടായതൊന്നും കൊണ്ടല്ല തോക്ക് പ്രദർശനത്തിന് വെക്കാതിരിക്കുന്നത്’’ ^ഇപ്പോഴത്തെ മ്യൂസിയം ക്യൂറേറ്റർ ആയ അൻസാർ അലി പറയുന്നു.
1997വരെ 9 എം.എം ബെരേറ്റ കാണുമ്പോൾ ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് ഇൗ വാക്കുകളിൽനിന്ന് വ്യക്തമാണ്. അതിനുശേഷം തോക്കു കാണുമ്പോൾ ആർക്കാണ് പ്രശ്നം ഉണ്ടാകുന്നത്? അല്ലെങ്കിൽ അതവിടെ ഇരുന്നാൽ രാഷ്ട്രീയമായി തങ്ങൾക്ക് എതിരാവും എന്ന് ഹിന്ദുത്വശക്തികൾ ഭയപ്പെടുന്നുണ്ടോ? ഗാന്ധിയെ വധിക്കുേമ്പാൾ ഗോദ്സെ ഹിന്ദു മഹാസഭയുടെ പ്രവർത്തകനായിരുന്നുവെങ്കിലും അതിനു മുമ്പ് ആർ.എസ്.എസുകാരനായിരുന്നുവെന്ന് ഗാന്ധിവധ ഗൂഢാലോചനയിൽ പ്രതിയായ ഗോപാൽ ഗോദ്സെ ജയിൽ മോചിതനായ ശേഷം ‘ടൈം’ മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചരിത്ര സത്യങ്ങൾ പുതിയ രാഷ്ട്രീയകാലാവസ്ഥയിൽ തങ്ങൾക്കെതിരെ തിരിച്ചടിക്കുമെന്ന് സംഘ്പരിവാറിനറിയാം. ഗോദ്സെയുടെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനം ആർ.എസ്.എസിലൂടെ ആയിരുന്നു. പിന്നീട് സവർക്കറിെൻറ സ്വാധീനത്തിൽപെട്ട് ഹിന്ദുമഹാസഭയിൽ ചേരുകയാണുണ്ടായത്. മുസ്ലിംകളാണ് എല്ലാ അക്രമങ്ങളും ചെയ്യുന്നത്, അവരാണ് കലാപമുണ്ടാക്കുന്നത്, അവർ ലൗ ജിഹാദ് നടത്തി ഹിന്ദുസ്ത്രീകളെ മതംമാറ്റുന്നു, ഭാരതമാതാവിനെ തകർക്കാൻ ഭീകരപ്രവർത്തനം നടത്തുന്നു തുടങ്ങിയ വ്യാജപ്രചാരണത്തിലൂടെ ഹിന്ദുരാഷ്ട്ര നിർമിതിക്ക് ആക്കംകൂട്ടുന്നതിെൻറ ഭാഗമായിട്ടാണ് യഥാർഥത്തിൽ ഗാന്ധിവധം നടന്നത്.
ഗാന്ധിയെ വധിക്കാനായി ബുർഖയണിഞ്ഞ് പ്രാർഥനാസ്ഥലത്തേക്കു പോകാനാണ് ഗോദ്സെ ആദ്യം തീരുമാനിച്ചിരുന്നത്. ഗാന്ധിയെ കൊന്നത് ഒരു മുസ്ലിം മതവിശ്വാസിയാണെന്ന് ലോകത്തെ കുറച്ചു മണിക്കൂർ നേരത്തേക്കെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാൽ തെരുവുകളിൽ മുസ്ലിംകളുടെ ചോരപ്പുഴ ഒഴുകുമെന്ന് ഗോദ്സെയും സംഘവും കണക്കുകൂട്ടിയിരിക്കണം. ഗാന്ധി വധത്തിലെ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ച നാരായൺ ആപ്തെയാണ് ബുർഖ ധരിച്ചു ചെന്ന് ഗാന്ധിയെ പോയിൻറ് ബ്ലാങ്കിൽ വെടിയുതിർക്കാമെന്ന നിർദേശം വെച്ചത്. ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽനിന്നാണ് ബുർഖ മാത്രം തയ്ക്കുന്ന പ്രശസ്തമായ കടയിൽനിന്ന് 50 രൂപ കൊടുത്ത് ഗോദ്സെ ബുർഖ വാങ്ങിയത്. ലൂസ് ഫിറ്റിങ്ങിലുള്ള ബുർഖയണിഞ്ഞാൽ കീശയിൽനിന്ന് തോക്ക് എളുപ്പത്തിലെടുത്തു പ്രയോഗിക്കാനാവില്ലെന്നു മനസ്സിലാക്കിയ ഗോദ്സെ ആപ്തെയോടുപോലും ആലോചിക്കാതെ അവസാനനിമിഷം ആ പ്ലാൻ മാറ്റുകയായിരുന്നു. വെടിയുതിർത്തശേഷം ഗോദ്സെയെ ജനങ്ങൾ വട്ടമിട്ട് പിടിച്ചപ്പോഴും തേൻറത് ഒരു മുസ്ലിം ഐഡൻറിറ്റിയാന്നെന്നു പറയാനാണ് ഗോദ്സെ ശ്രമിച്ചത്. അതിലൂടെ ന്യൂനപക്ഷങ്ങളോടുള്ള ജനങ്ങളുടെ വെറുപ്പ് വർധിപ്പിക്കാമെന്ന് കണക്കുകൂട്ടിയിരിക്കണം. ഒരു മുസ്ലിമാണ് ഗാന്ധിയെ വധിച്ചതെന്ന് ഡൽഹി പരിസരത്തെങ്ങും കിംവദന്തിയും പരന്നിരുന്നു. പൊലീസ് വരുന്നതുവരെ ബിർള ഹൗസിലെ ഒരു മുറിയിലാണ് ഗോദ്സെയെ പൂട്ടിയിട്ടിരുന്നത്. പുണെയിലുള്ള ഒരു പരിചിതൻ ഗോദ്സെയെ ജനലിലൂടെ കണ്ടു തിരിച്ചറിഞ്ഞതിനാലാണ് ഗാന്ധി വധം നടത്തിയത് ഗോദ്സെയെന്ന ബ്രാഹ്മണനാണെന്ന് ആദ്യം ലോകമറിയുന്നത്. പൊലീസ് വരാൻ വൈകുകയും പുണെയിൽ തെൻറ പരിചിതനുമായിരുന്ന ആൾ ഗോദ്സെയെ അടച്ചിട്ട മുറിയിൽ അയാളെ കാണാതെ പോകുകയും ചെയ്തിരുന്നെങ്കിൽ ചുരുങ്ങിയ പക്ഷം ഡൽഹിയിലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ വർഗീയ കലാപവും ദാരുണമായ വംശഹത്യയും നടന്നേനെ.
1948ൽ ഹിന്ദുവർഗീയവാദികൾ ഉപയോഗിച്ച മുസ്ലിംവിരുദ്ധ രാഷ്്ട്രീയം തന്നെയാണ് ഇപ്പോഴും എടുത്തു പ്രയോഗിക്കുന്നത്. മുസ്ലിംകൾ വർഗീയവാദികൾ ആണെന്നും അവർ പാകിസ്താനിലേക്കു പോകേണ്ടവരാണെന്നുമുള്ള പ്രചാരണവും ഇതിെൻറ ഭാഗമാണ്. ഈ പ്രതിലോമ രാഷ്ട്രീയത്തെ തുറന്നു കാട്ടാനായി 9 എം.എം ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ, നാഷനൽ ഗാന്ധി മ്യൂസിയത്തിൽ 20 വർഷം മുമ്പ് ഉണ്ടായിരുന്നതുപോലെ പൊതുജങ്ങൾക്ക് കാണുന്ന വിധം പ്രദർശിപ്പിക്കണം. ഇത് കാലത്തിെൻറ ആവശ്യമാണ്. ഹിന്ദു ഫാഷിസ്റ്റുകൾക്കെതിരെയുള്ള ഏറ്റവും വലിയ പ്രതീകമായി 9 എം.എം ബെരേറ്റ ഉയർത്തിക്കൊണ്ടുവരണം. രാഷ്ട്രത്തിെൻറ ഐക്യവും അഖണ്ഡതയും സമാധാനാന്തരീക്ഷവും തകർക്കുന്നത് പണ്ടുമുതലേ ഏതു ശക്തികൾ ആണെന്ന് തുറന്നുകാട്ടാൻ ചരിത്രം കാലത്തിനു നൽകിയ തെളിവാണ് 9 എം.എം ബെരേറ്റ. അത് മുമ്പെങ്ങും ഇല്ലാത്തവിധം സംരക്ഷിക്കപ്പെടണം. ആ തോക്ക് തുരുമ്പെടുക്കാൻ അനുവദിച്ചുകൂടാ. സ്പിരിച്വൽ ഫാഷിസത്തിന് നിലമൊരുക്കിയ ശേഷം വരേണ്യംആയതെല്ലാം, ഉയർന്നതെല്ലാം ഉന്നതമാണെന്ന ചിന്ത ഊട്ടിയുറപ്പിക്കാൻ ഹിന്ദുഫാഷിസ്റ്റുകൾക്കായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു പ്രതിമയെന്ന ആശയം, നിലവിലുള്ള നന്മ നിറഞ്ഞ വലുതിനെ മറ്റൊരു വലിയ വര വരച്ചു ഇല്ലാതാക്കുന്നത് ദുഷ്ടലാക്കിെൻറ ഭാഗമാണ്. അല്ലാതെ നെഹ്റു ലോബിയുടെ തടവിലായിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേലിനെ മോചിപ്പിക്കാനൊന്നുമല്ല ഗുജറാത്ത് സർക്കാർ, പ്രത്യേകിച്ച് ആർ.എസ്.എസ് ഉരുക്കു പ്രതിമ വലിയ ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്.
തങ്ങളെ വെള്ള പൂശിയ മനുഷ്യനോടുള്ള ആരാധന മാത്രമല്ല ദേശീയ ഐക്കണായി ചരിത്രത്തിൽ നിന്നുതന്നെ ഒരാളെ തട്ടിയെടുത്തു അവതരിപ്പിക്കേണ്ടതും നവ ഹിന്ദുഫാഷിസത്തിെൻറ വ്യാജദേശീയത ഉൽപാദിപ്പിക്കുന്നവരുടെ ആവശ്യമാണിന്ന്. അതിനാൽ, ഇനിയുമേറെ പൊളിക്കലുകളും പുനർനിർമാണവുമെല്ലാം നടക്കുമെന്നുതന്നെ കരുതണം. സാഹിത്യത്തിലൂടെയും സാംസ്കാരികപ്രവർത്തനത്തിലൂടെയും ഇതിനു തടയിടാനുള്ള വിജയകരമായ ശ്രമങ്ങൾ പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് നടക്കുന്നില്ലെന്നുള്ളതാണ് ഖേദകരം. പ്രതിമാനിർമാണത്തിനുള്ള ഉരുക്കിന് വേണ്ടി ഹിന്ദുവിശ്വാസികളുടെ വീട്ടിൽനിന്ന് പഴയ ഇരുമ്പു പിച്ചാത്തിയും കൊടുവാളും ശേഖരിക്കുന്നുണ്ട് ആർ.എസ്.എസ് പ്രവർത്തകർ. ഇതൊരുതരം സാംസ്കാരിക ഫാഷിസ പ്രവർത്തനമാണ്. തങ്ങളുടെ പ്രതിലോമകരമായ ആശയങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള കുറുക്കുവഴി. സമീപഭാവിയിൽ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുമ്പോൾ അത് തങ്ങളുപയോഗിച്ച പിച്ചാത്തിയുടെ ആത്മാവ് പേറുന്നുവെന്ന തോന്നൽ ഓരോ കുടുംബത്തിലും ഉണ്ടാവാം. വ്യാജചരിത്രനിർമിതിയുടെ വിത്ത് പാകുന്ന പ്രവർത്തനമായി ഈ പ്രക്രിയ മാറുന്നതിങ്ങനെയാവും. സെക്കുലർ ഇന്ത്യ ഹിന്ദു രാജ്യത്തിനു കൈമാറ്റം ചെയ്യപ്പെടുന്ന ചിന്താ പദ്ധതിയുടെ ഭാഗമാണിതെല്ലാം. നാം പണ്ടേ ശീലിച്ചുപോയ ജാഗ്രതക്കുറവാണ് 9 എം.എം ബെരേറ്റ നാഷനൽ ഗാന്ധി മ്യൂസിയത്തിലെ സ്റ്റോർ റൂമിലെ ഇരുമ്പു ലോക്കറിൽ അത്രയൊന്നും സുരക്ഷിതമല്ലാതായിരിക്കുന്നതിനും കാരണം. 1948 ജനുവരി 20 നു മദൻലാൽ പഹ്വ ഗാന്ധിജിയുടെ പ്രാർഥനയോഗത്തിൽ ഗ്രനേഡ് എറിഞ്ഞപ്പോൾ തന്നെ ഗോദ്സെയെയും സംഘത്തെയും പിടിക്കാൻ കഴിയാതെപോയ അതേ ജാഗ്രതക്കുറവാണല്ലോ ഈ സംഭവം കഴിഞ്ഞു 10 ദിവസമായപ്പോൾ, ജനുവരി 30ന് ഗോദ്സെയുടെ തോക്കിനു ഇരയായി ഗാന്ധിജിയുടെ ശ്വാസം നമ്മുടെ രാജ്യത്തിനും നഷ്ടപ്പെടുത്തിയത്. ആ ജാഗ്രതക്കുറവ് നാം ഇന്നും തുടരുന്നു.
നാഷനൽ ഗാന്ധി മ്യൂസിയം കാഴ്ചകൾ
ഫരീദാബാദിൽനിന്ന് റോഡുമാർഗമാണ് ഞാനും എഴുത്തുകാരിയും വ്യവസായ സംരംഭകയുമായ ജയാരവീന്ദ്രനും രാജ്ഘട്ടിൽ സ്ഥിതി ചെയ്യുന്ന നാഷനൽ ഗാന്ധി മ്യൂസിയം കാണാൻ പോയത്. വേപ്പ് മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ശാന്തമായ അന്തരീക്ഷത്തിലാണ് മ്യൂസിയം. ഗാന്ധിജിയുടെ ജീവിതം, പ്രത്യയശാസ്ത്രം എന്നിവയെല്ലാം ഇവിടെ വളരെ അടുത്തറിയാൻ സാധിക്കും. 1948 ലാണ് വളരെ ചെറിയ തോതിൽ ഈ മ്യൂസിയം ആരംഭിച്ചത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷം 1961ലാണ് മ്യൂസിയം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ജീവിതകാലത്ത്ഗാന്ധിജി ഉപയോഗിച്ച വസ്തുക്കൾ, ഒറിജിനൽ രേഖകളുടെ ശേഖരം, അദ്ദേഹത്തിന് ലഭിച്ച ഉപഹാരങ്ങൾ, അദ്ദേഹത്തിെൻറ ജീവിതകാലം കൃത്യമായി രേഖപ്പെടുത്തുന്ന വിധത്തിൽ ഫോട്ടോഗ്രാഫുകളും ഓഡിയോ വിഷ്വലുകളും സാഹിത്യവും കരകൗശല വസ്തുക്കളും സജ്ജീകരിച്ചിട്ടുണ്ട്. സബർമതി ആശ്രമത്തിൽ അദ്ദേഹം കഴിഞ്ഞ കുടിലിെൻറ മാതൃകയും ഇവിടെ കാണാം. ഗാന്ധിജി എഴുതിയതും അദ്ദേഹത്തെ പറ്റി എഴുതപ്പെട്ടതുമായ പുസ്തകങ്ങളുടെ വിശാലമായൊരു ലൈബ്രറിയും മ്യൂസിയത്തിലുണ്ട്. ഗാന്ധി അനുബന്ധ സാഹിത്യകൃതികളുടെ വൻശേഖരവും ഈ ലൈബ്രറിയിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഗാന്ധിജിയുടെ ജീവിതദർശനത്തെ പറ്റിയും ജീവിത ദൗത്യത്തെ പറ്റിയും അടുത്തറിയാൻ കഴിയുന്നതിനൊപ്പം ഇന്ത്യയുടെ ആത്മാവ് എന്തായിരുന്നുവെന്നതിനെ പറ്റിയും വലിയ ധാരണ നൽകുന്നു മ്യൂസിയം.
ചർക്ക ഗാലറി, ഫോട്ടോ ഗാലറി, രക്തസാക്ഷി ഗാലറി, ഓർമ ഗാലറി (അന്ത്യയാത്ര ചിത്രീകരിക്കുന്നത്), ആർട്- ആശ്രമം ഗാലറി എന്നിങ്ങനെയാണ് മ്യൂസിയത്തിലെ കാഴ്ചകൾ വേർതിരിച്ചിരിക്കുന്നത്. ലൈബ്രറിയിൽ 44,000 പുസ്തകങ്ങളുണ്ട്. പുസ്തകങ്ങളുടെയും മാഗസിനുകളുടെയും ഡിജിറ്റൽ കോപ്പികളും ലഭ്യമാണ്. ഗാന്ധിജിയുടെ ചെറുപ്പകാലം മുതലുള്ള ഏഴായിരത്തിലധികം ഫോട്ടോഗ്രാഫുകൾ ആ ജീവിതയാത്രയുടെ മഹത്ത്വം സന്ദർശകരിലേക്കു പകരും. മ്യൂസിയത്തിലെ ഓഡിയോ വിഷ്വൽ വിഭാഗത്തിൽ ഗാന്ധിജിയുടെ പ്രസംഗങ്ങൾ ലഭ്യമാണ്. ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള സിനിമകൾ, ഡോക്യുമെൻററികൾ എന്നിവയുടെ ശേഖരവും ഉണ്ടിവിടെ. മുകൾനിലയിൽ പടികൾ അവസാനിക്കുന്നിടത്ത് നിരത്തിവെച്ച പഴയ ഡയൽ ഫോണുകൾ മൂന്നെണ്ണമുണ്ട്. അതിലൊന്നിലെ റിസീവർ കാതിൽ വെച്ചാൽ ഗാന്ധിജിയുടെ അവസാന പ്രസംഗം കേൾക്കാം. ഗാന്ധിയൻ സാഹിത്യം, ഓഡിയോ വിഡിയോ കാസറ്റുകൾ, സീഡികൾ, സിനിമകൾ, പിക്ചർ കാർഡ്, പോസ്റ്ററുകൾ, ഫ്രെയിം ചെയ്ത ഫോട്ടോഗ്രാഫുകൾ എന്നിവ ലഭിക്കുന്ന ഒരു സെയിൽസ് കൗണ്ടറും മ്യൂസിയത്തിനകത്തുണ്ട്.
രക്തസാക്ഷി ഗാലറി
ഗാന്ധിയൻ അഹിംസ സിദ്ധാന്തത്തെ അനുകൂലിക്കാത്തവർക്ക് പോ ലും ഏതാനും മണിക്കൂറുകൾ നാഷനൽ ഗാന്ധി മ്യൂസിയത്തിൽ ചെലവഴിച്ച് പുറത്തിറങ്ങുമ്പോൾ ആ മഹത്തായ ജീവിതത്തോട് ബഹുമാനം തോന്നും. രക്തസാക്ഷി ഗാലറിയിലെ ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്ന രക്തക്കറ പുരണ്ട ഗാന്ധിജിയുടെ ഷാളും ധോത്തിയും നെഞ്ചിൽ തുളച്ചു കയറിയ ഒരു വെടിയുണ്ട, അദ്ദേഹത്തിെൻറ പോക്കറ്റ് വാച്ച്, ചെറുതും വലുതുമായ പത്തമ്പതു ചെമ്പു കുടങ്ങളിൽ സൂക്ഷിച്ചു വെച്ച ചിതാഭസ്മം എന്നിവ കാണുമ്പോൾ ഹിന്ദു വർഗീയവാദികളുടെ ദേശീയത എന്താണെന്ന് ഏതൊരാൾക്കും വ്യക്തമാകും. ഈ മ്യൂസിയത്തിൽനിന്ന് എടുത്തുമാറ്റിയത് രണ്ടു വസ്തുക്കളാണ്. 9 എം.എം ബെരേറ്റ തോക്കും ഗാന്ധിജിയുടെ നെഞ്ചിൽ തുളച്ചു കയറിയ രണ്ടു വെടിയുണ്ടകളും. മതേതര ഇന്ത്യയുടെ മാറ് പിളർക്കുന്ന തരത്തിൽ സംഘ്പരിവാർ വെറുപ്പിെൻറ രാഷ്ട്രീയം നടപ്പിലാക്കുമ്പോൾ 9 എം.എം ബെരേറ്റ ദേശീയ സ്വത്തായി പ്രഖ്യാപിക്കേണ്ടതുണ്ട്. ആ തോക്ക് കൈകാര്യം ചെയ്ത രാഷ്ട്രീയമെന്താണെന്ന് ആധുനിക ഇന്ത്യൻ യുവത്വം അറിയണം. അതിനാൽ ഇരുമ്പു ലോക്കറിൽനിന്ന് 9 എം.എം ബെരേറ്റക്ക് മോചനം നൽകണം. ഇന്ത്യൻ മണ്ണിൽ അസഹിഷ്ണുതയുടെ വിത്ത് പാകുന്നത് ന്യൂനപക്ഷങ്ങളോ ദലിതുകളോ അല്ല. അത് മഹാപൂരിപക്ഷം വരുന്ന ഹിന്ദുക്കളെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇനിയും തുരുമ്പെടുക്കാത്ത 9 എം.എം ബെരേറ്റയുടെ ചരിത്രദൗത്യം വെളിച്ചത്ത് നിൽക്കലാണ്.
രാജ്യത്തെ കാക്കുംപോലെ ആ തോക്കിനെയും കാക്കണം. വിശുദ്ധരുടെ ആദർശപ്രവർത്തനമൊന്നുമല്ല ഇന്ത്യൻ രാഷ്ട്രീയം. അതുകൊണ്ടുതന്നെ രാഷ്ട്രീയപാർട്ടികൾക്കോ മറ്റു മതേതര സംഘടനകൾക്കോ ഇതൊരു രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരാനാവുകയും ഇല്ല. ഗാന്ധി വധ ഗൂഢാലോചനയിൽ കുറ്റവിചാരണ ചെയ്യപ്പെട്ട സവർക്കറുടെ ഛായാചിത്രം പാർലമെൻറിൽ അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ എതിർക്കപ്പെടാൻ ഗാന്ധിജിയുടെ സർനെയിം രാഷ്ട്രീയപ്രവർത്തനത്തിനു ഉപയോഗിക്കുന്ന പാർട്ടിക്കുപോലും സാധിച്ചില്ല. ചരിത്രം ഒത്തുതീർപ്പ് ചെയ്തുനടക്കുന്ന രാഷ്ട്രം, വെടിയേറ്റ് വീണ മനുഷ്യനെപോലെ നിശ്ചലമായിരിക്കും. തെളിവുകളുടെ പിൻബലത്തോടെ സ്ഥാപിക്കപ്പെടാത്തതൊന്നും ചരിത്രമല്ലായെന്ന് ആധുനിക ചരിത്രനിർമിതിയുടെ പിതാവായ ഹെൻറി മോർഗൻ പറഞ്ഞിട്ടുണ്ട്. സംഘ്പരിവാർ ശക്തികൾ തെളിവുകൾ നശിപ്പിക്കുന്നത് രാജ്യത്തിന് വ്യാജചരിത്രം ചാർത്തിക്കൊടുക്കാനാണെന്നു ആർക്കാണ് അറിയാത്തത്. രക്തസാക്ഷി ഗാലറിയിലെ ചുവരിൽ ഒട്ടിച്ചുവെച്ച ഗാന്ധിവധത്തെ കുറിച്ചുള്ള കുറിപ്പുകളിൽ ഹിന്ദുവർഗീയവാദിയായ ഗോദ്സെയാണ് നിറയൊഴിച്ചതെന്ന് പരാമർശമില്ല. ആ പുതിയ പ്രിൻറ് ഒൗട്ടിൽ ആരാവും അത് ഡിലീറ്റ് ചെയ്തിരിക്കുക?
ഗാലറിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇതുപോലുള്ള സംശയങ്ങൾ അനവധിയാണ്. ജയാ രവീന്ദ്രെൻറ മുഖത്തും ആ ആശങ്ക ഞാൻ കണ്ടു. മതേതര ഇന്ത്യയെ നിലനിർത്താനാഗ്രഹിക്കുന്ന ഏതൊരാളുടെയും ആശങ്കയാണിത്. ഓരോ നിമിഷവും പൗരെൻറ ഓർമകളും രാജ്യത്തിെൻറ ചരിത്രവും തിരുത്തപ്പെടുന്നു. ഗാന്ധിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ വെടിയേറ്റ നെഞ്ചിെൻറ ഭാഗം തുണികൊണ്ടു മൂടിയിരുന്നില്ല. ഹിന്ദു വർഗീയവാദികളുടെ മനുഷ്യത്വമില്ലായ്മ മഹാത്മാവിെൻറ മുറിപ്പാടിലൂടെ ലോകം കണ്ടു. പക്ഷേ, ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ പ്രബുദ്ധത 9 എം.എം ബെരേറ്റയെ മൂടിവെക്കുന്നു.
പ്രതിമയും തോക്കും
ലാർസൻ ആൻഡ് ട്യൂബ്രോക്കാണ് (എൽ ആൻഡ് ടി) സർദാർ പട്ടേലിെൻറ പ്രതിമ നിർമിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. 2989 കോടി രൂപയുടെ വർക്ക് ഓർഡർ രണ്ടു വർഷം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി കമ്പനിക്ക് കൈമാറിയിരുന്നു. മേക്ക് ഇൻ ഇന്ത്യയൊക്കെ നമുക്ക് മറക്കാം. ചൈനയിൽനിന്നാണ് പ്രതിമ നിർമിക്കാനുള്ള ഉരുക്ക് കമ്പനി കൊണ്ടുവരുന്നത്. എൽ ആൻഡ് ടി തന്നെയാണ് കൊച്ചി മെട്രോയുടെ കരാറും ഏറ്റെടുത്തിരിക്കുന്നത്. ഗാന്ധി ഭവൻ പൊളിച്ചതും അവർ കരാർ നൽകിയ കമ്പനിയാണ്. ഭൂരിഭാഗം വരുന്ന ആദിവാസികളെയും ദലിതരെയും മുസ്ലിംകളെയും ഒഴിപ്പിച്ചിട്ടാണ് നർമദ ജില്ലയിൽ 597 അടി ഉയരമുള്ള പ്രതിമാനിർമാണത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എന്തുകൊണ്ട് സംഘ്പരിവാറിെൻറ നേതൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭ പട്ടേലിെൻറ പ്രതിമ ഇത്രയും കോടികൾ ചെലവഴിച്ച് നിർമിക്കുന്നു? ഉത്തരം ലളിതമാണ്. 1948 ജനുവരി ഏഴിനു ലഖ്നോവിലെ ആകാശവാണി നിലയത്തിലൂടെ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേൽ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ അതിനുള്ള ഉത്തരമുണ്ട്. ‘‘ആർ.എസ്.എസിനെ നിരോധിക്കണമെന്നുള്ളവർ കോൺഗ്രസിൽതന്നെയുണ്ട്. ഞാൻ ഒന്ന് വ്യക്തമാക്കട്ടെ, ബലപ്രയോഗംകൊണ്ട് അമർച്ച ചെയ്യാവുന്നതല്ല ആ പ്രസ്ഥാനം. ആർ.എസ്.എസ് രാജ്യദ്രോഹികളോ കൊള്ളക്കാരോ അല്ല. രാജ്യത്തെ സ്നേഹിക്കുന്ന ദേശാഭിമാനികളാണവർ.’’ അനാച്ഛാദനം കഴിയുന്നതോടെ ഈ സംഘടനയെ ന്യായീകരിക്കാനും പ്രതിരോധിക്കാനും ഉരുക്കു പ്രതിമക്കാവും. ഇത് സ്റ്റാച്യു ഓഫ് യൂനിറ്റിയല്ല; നുണകളുടെ സ്മാരകമാണ്.
വിനായക് ഗോദ്സെക്ക് തോക്ക് സംഘടിപ്പിച്ചുകൊടുത്ത ഡോക്ടർ പാർച്യുറയെ 1983ൽ ‘സ്പെക്ടേറ്റർ’ പത്രത്തിനുവേണ്ടി മുതിർന്ന ബ്രിട്ടീഷ് പത്രപ്രവർത്തകനായ ഇയാൻ ജാക് ഇൻറർവ്യൂ ചെയ്തിരുന്നു. പത്രത്തിെൻറ 12ാമത്തെ പേജിൽ അച്ചടിച്ചുവന്ന അഭിമുഖത്തിെൻറ തലക്കെട്ട് ‘ഹാ മഹാത്മാ ഹൂ ഷോട്ട് ഗാന്ധി’ എന്നായിരുന്നു. ഗാന്ധിയെ കൊന്ന ആളാണ് മഹാത്മാവ് എന്നാണ് ഡോക്ടർ പാർച്യുറെ പറഞ്ഞത്! തോക്ക് നിങ്ങളാണോ കൊടുത്തത് എന്ന ചോദ്യത്തിന് ഡോക്ടർ പാർച്യുറെ താൻ ബോംബെ മെഡിക്കൽ ഹോക്കി ടീമിൽ കളിക്കുന്ന ഫോട്ടോയാണ് മറുപടിയായി കാണിച്ചുകൊടുത്തത്. ആ ഫോട്ടോയുടെ പിറകിൽ 9 എം.എം ബെരേറ്റ എന്ന് എഴുതിയിരുന്നു. ഇതുപോലുള്ള അനവധി സംഭവങ്ങളുടെ രേഖകൾ ഭരണകൂടം നശിപ്പിക്കുന്നു.
ഓൺലൈൻ പ്ലാറ്റുഫോമുകളിലും കാവിവത്കരണം വളരെ സജീവമാണ്; ബി.ജെ.പിയുടെ ഡിജിറ്റൽ ആർമി വളരെ അഗ്രസീവും. ആർ.എസ്.എസ് ഇതിനുവേണ്ടി പ്രത്യേക ആപ്പ് തന്നെ ഡെവലപ് ചെയ്യുന്നുണ്ട് (I am a Troll, Swadi Chathurvedi ). എല്ലാ തലത്തിലും പോളിഷ് ചെയ്ത ചരിത്രനിർമിതി നടക്കുമ്പോൾ, യഥാർഥ ചരിത്രം എങ്ങനെയാണെന്ന് പറയുന്നതിെൻറ ഉത്തരവാദിത്തമാണ് 9 എം.എം ബെരേറ്റക്ക് ഏറ്റെടുക്കാനുള്ളത്. അതിനെ ഇരുമ്പുലോക്കറിൽനിന്ന് മോചിപ്പിച്ചേ മതിയാകൂ. അതി് ഒരു പൊതുതാൽപര്യ ഹരജി തന്നെ നൽകിയാലും അതൊരു കാവ്യനീതിയായി തീരും. മോദിസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം 2014 ജൂൺ അഞ്ചിനും ജൂലൈ ഏഴിനും ഇടയിൽ ആഭ്യന്തരവകുപ്പിെൻറ കൈവശമുള്ള ഗാന്ധിവധവുമായി ബന്ധപ്പെട്ട 11,000 ഫയലുകൾ നശിപ്പിക്കപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടത്രെ. 9 എം.എം ബെരേറ്റയുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചുകൂടാ. മാനവരാശിക്കെതിരായ കുറ്റകൃത്യം നടത്തിയവരുടെ രാഷ്്ട്രീയം തുറന്നുകാട്ടാനായി 9 എം.എം ബെരേറ്റ പുനർപ്രദർശിപ്പിക്കേണ്ടതുണ്ട്. അത് കേവലം ഒരു ഗാലറി വസ്തുവല്ല; ഹിന്ദു വർഗീയതക്കെതിരെ നീളുന്നൊരു തോക്കാണ്. മതാത്മക മാനവീയതക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യസ്നേഹികളിലാണിനി പ്രതീക്ഷ.
ഇനിയും ജാഗ്രതക്കുറവു കാട്ടിയാൽ ഗാന്ധി മ്യൂസിയങ്ങളിൽ ഗോദ്സെയുടെ ചിതാഭസ്മം സൂക്ഷിക്കുന്ന കാലം അകലെയാവില്ല.
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം -ലക്കം(1007)
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.