ജി-20യിലെ പൂജ്യം താമരയെന്ന് കരുതിയെന്ന് ഖാർഗെ; പരിഹസിക്കരുതെന്ന് ഗോയൽ; രാജ്യസഭയിൽ വാക്പോര്
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ പിയൂഷ് ഗോയൽ - മല്ലികാർജുൻ ഖാർഗെ വാക്പോര്. ജി-20 ലോഗോയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും തർക്കം. 75 വർഷത്തെ ഇന്ത്യയുടെ പാർലമെന്‍ററി യാത്രയെകുറിച്ച് നടത്തിയ ചർച്ചയിൽ രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിയന്ത്രിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ജനാധിപത്യം ഭീഷണിയിലാകുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യം നിലവിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി-20യെ ജി-2 എന്നായിരുന്നു ഖാർഗെ പരാമർശിച്ചത്. 20 അംഗ സമിതിയുടെ ശരിയായ പദം എന്താണെന്ന് ചോദിച്ച ഖാർഗെയോട് അത് ജി-20 ആണ് എന്നായിരുന്നു രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിന്‍റെ പ്രതികരണം. എന്നാൽ പൂജ്യത്തെ താൻ താമരയായി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഖാർഗെയുടെ മറുപടി. ഇത് പ്രതിപക്ഷ നേതാക്കൾ ഏറ്റെടുക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തതോടെ ജി-20യെ പരിഹസിക്കരുതെന്ന് പിയൂഷ് ഗോയൽ ഖാർഗെയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ ഖാർഗെ ഒരു 'ജി'യെയും അവരുടെ 'മകൻ ജി'യെയും മാത്രമേ കാണുന്നുള്ളൂവെന്നും പിയൂഷ് ഗോയൽ പറഞ്ഞു. രാഹുൽ ഗാന്ധിയേയും സോണിയഗാന്ധിയെയും കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
രാജ്യത്തെ കുറിച്ച് പറയുമ്പോൾ നമ്മൾ എല്ലാവരും ഒരുപോലെയാണെന്നും എന്നാൽ നിങ്ങൾ മാത്രമാണ് യഥാർത്ഥ രാജ്യസ്നേഹികളെന്ന് വിശ്വസിക്കരുതെന്നും ഖാർഗെ പ്രതികരിച്ചു. ഞങ്ങളുടെ ആളുകളാണ് രാജ്യസ്നേഹികൾ. അവർഅവരുടെ ജീവൻ വെടിഞ്ഞ് രാജ്യത്തെ സംരക്ഷിച്ചു. നിങ്ങൾ ഫലം കൊയ്ത് ഞങ്ങളെ ഉപദേശിക്കുകയാണോ എന്നും ഖാർഗെ ചോദിച്ചു. പാർലമെന്‍ററി സമ്മേളനങ്ങൾ പുതിയ മന്ദിരത്തിലേക്ക് മാറ്റാനിരിക്കെ സഞ്ജയ് സിങ്, രാഘവ് ഛദ്ധ തുടങ്ങിയവർക്കെതിരായ വിലക്ക് നീക്കം ചെയ്യണമെന്നും ഖാർഗെ ജഗ്ദീപ് ധൻകറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.