കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടുവെന്നത് ആരോപണം മാത്രമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
text_fieldsത്സാൻസിയിൽ വെച്ച് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടുവെന്നത് ആരോപണം മാത്രമാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ട്രെയിനിൽ ഉണ്ടായെന്ന് പറയുന്ന സംഭവം യാത്രക്കാരെ സംബന്ധിച്ച സംശയം ദുരീകരിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മലയാളിയടക്കമുള്ള കന്യാസ്ത്രീകളെയും ട്രെയിനിൽ കൂടെ യാത്ര ചെയ്യുന്നവരെയും ത്സാൻസിയിൽ വെച്ച് ഒരു സംഘം അഞ്ചു മണിക്കൂറോളം തടഞ്ഞുവെച്ചത് വിവാദമായിരുന്നു. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ പ്രവർത്തകർ ഋഷികേശിൽ നിന്ന് പഠന ക്യാമ്പ് കഴിഞ്ഞുവരുന്ന വഴി പൊലീസ് സാന്നിധ്യത്തിൽ കന്യാസ്ത്രീകളെ ആക്രമിക്കുകയായിരുന്നു. മതംമാറ്റാൻ നടക്കുന്നവർ എന്ന് ആരോപിച്ചായിരുന്നു സംഘം കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത്.
സംഭവം വിവാദമായതിനിടെ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം മറ്റു രാഷ്ട്രീയ നേതൃത്വങ്ങളും നടപടി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അങ്ങനെയൊരു അക്രമ സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണ് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഇപ്പോൾ പറയുന്നത്. സംശയം തോന്നിയവർ കന്യാസ്ത്രീകളുടെ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തത്. അവർ യഥാർഥ കന്യാസ്ത്രീകൾ തന്നെയാണെന്ന് ബോധ്യപ്പെട്ടപ്പോൾ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തുവെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.
അതേസമയം, ആൾക്കൂട്ടം എങ്ങനെയാണ് രേഖകൾ പരിശോധിക്കുന്നതെന്നും എ.ബി.വി.പി പ്രവർത്തകർക്ക് അതിനുള്ള അധികാരം ഉണ്ടോയെന്നും മന്ത്രി വിശദീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.