പ്രധാനമന്ത്രിയുടെ പ്രിൻസിപൽ ഉപദേഷ്ടാവ് പി.കെ സിൻഹ രാജിവെച്ചു
text_fieldsന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപൽ ഉപദേഷ്ടാവ് പി.കെ സിൻഹ രാജിവെച്ചു. 1977 ബാച്ചുകാരനായ മുൻ യു.പി കാഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ വ്യക്തിഗത കാരണങ്ങൾ ഉന്നയിച്ചാണ് രാജി നൽകിയത്. അതേ സമയം, ലഫ്റ്റനന്റ് ഗവർണർ പോലുള്ള ഭരണഘടന പദവികളിൽ ചുമതലയേൽക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഓഫീസർ ഒാൺ സ്പെഷൽ ഡ്യൂട്ടി എന്ന തസ്തികയിൽ ചെറിയ കാലയളവ് പൂർത്തിയാക്കി 2019 ലാണ് പ്രിൻസിപൽ ഉപദേഷ്ടാവായി ചുമതലയേൽക്കുന്നത്. നാലു വർഷം കാബിനറ്റ് സെക്രട്ടറിയായിരുന്നു. സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കാബിനറ്റ് സെക്രട്ടറി പദവിയിൽ മൂന്നുതവണ നിയമനം നീട്ടിലഭിച്ച ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ്. പി.എം.ഒയിൽ സിൻഹയെ കൊണ്ടുവരാൻ ലക്ഷ്യമിട്ടായിരുന്നു പ്രിൻസിപൽ ഉപദേഷ്ടാവ് തസ്തിക സൃഷ്ടിച്ചത്. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ, സമിതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നയകാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത് സിൻഹയാണ്. പ്രിൻസിപൽ സെക്രട്ടറി പി.കെ മിശ്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കേന്ദ്ര മന്ത്രി പദവി നൽകിയിരുന്നുവെങ്കിലും സിൻഹക്ക് അത് ലഭിച്ചില്ല.
പ്രധാനമന്ത്രി മോദിയുടെ കാലയളവ് പൂർത്തിയാകുംവരെയായിരുന്നു പ്രിൻസിപൽ ഉപദേഷ്ടാവ് തസ്തികയിൽ നിയമനം. നേരത്തെ അഡീഷനൽ സെക്രട്ടറി എ.കെ ശർമ പദവി രാജിവെച്ച് യു.പി ബി.ജെ.പിയുടെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.