1991ലെ ആരാധനാലയ നിയമം: മൂന്ന് വർഷമായി നിലപാടില്ലാതെ കേന്ദ്രം
text_fieldsന്യൂഡൽഹി: ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി നിലനിർത്താൻ വ്യവസ്ഥചെയ്യുന്ന 1991ലെ ആരാധനാലയ നിയമത്തിനെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹരജിയിൽ നോട്ടീസ് അയച്ച് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും കേന്ദ്രത്തിന് മറുപടിയില്ല. നിരവധിതവണ സുപ്രീംകോടതി നിർദേശിച്ചിട്ടും ഈ ഹരജികളിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയില്ലെന്ന് ഓർമിപ്പിച്ചാണ് ഒടുവിൽ നാലാഴ്ച കൂടി നൽകിയത്.
ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയാണ് ആദ്യമായി സുപ്രീംകോടതിയിലെത്തിയത്. പിന്നീട് സമാന ഹരജിയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുമെത്തി.
കേസ് അന്തിമവാദത്തിനെടുത്തപ്പോഴേക്കും ഹിന്ദുത്വവാദികളുടെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് വാരാണസി ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി, മഥുര ശാഹി ഈദ്ഗാഹ് കമ്മിറ്റി, ജംഇയ്യതുൽ ഉലമായെ ഹിന്ദ്, സമസ്ത കേരള ജംഇയ്യതുൽ ഉലമ, സി.പി.എം, മുസ്ലിം ലീഗ്, ആർ.ജെ.ഡി എം.പി മനോജ് ഝാ, തമിഴ്നാട്ടിൽനിന്നുള്ള ലോക്സഭ എം.പി തോൽ തിരുമാവളവൻ, എൻ.സി.പി (ശരത് പവാർ പക്ഷം) എം.എൽ.എ ജിതേന്ദ്ര അവ്ഹദ് തുടങ്ങിയവർ കക്ഷി ചേരാൻ അപേക്ഷയും നൽകി. ഇൗ ഹരജികളെല്ലാം ഒരുമിച്ചാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ആരാധനാലയ നിയമം നിലനിർത്തണമെന്ന പക്ഷത്ത് ഇജാസ് മഖ്ബൂലും ഹിന്ദുത്വവാദികളുടെ പക്ഷത്ത് വിഷ്ണു ശങ്കർ ജെയിനും കേന്ദ്രത്തിനായി കനു അഗർവാളും കേസിൽ നോഡൽ ഓഫിസർമാരാകുമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
ഉത്തരവ് സ്വാഗതം ചെയ്ത് മുസ്ലിം സംഘടനകൾ
ന്യൂഡൽഹി: 1991ലെ ആരാധനാലയ നിയമക്കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് സ്വാഗതം ചെയ്തു. പള്ളികളെയും ദർഗകളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങൾക്ക് ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബോർഡ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേർന്ന മുസ്ലിം ലീഗ് തങ്ങൾകൂടി നടത്തിയ നിയമപോരാട്ടത്തിന്റെകൂടി വിജയമായി ഉത്തരവിനെ വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.