ആരാധനാലയ നിയമം: സുപ്രീം കോടതിയുടേത് അതിനിർണായകമായ ഇടപെടൽ; ‘പുതിയ കേസുകളും സർവേകളും പാടില്ല’
text_fieldsന്യൂഡൽഹി: അതിനിർണായകമായ ഇടപെടലിൽ 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ കേസുകളൊന്നും കോടതികൾ സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ഉത്തരവിട്ടു. നിയമത്തിന്റെ സാധുത കോടതി പരിശോധിക്കും.
പള്ളികൾക്കും ദർഗകൾക്കുമെതിരായ കേസുകളിൽ പുതുതായി സർവേ നടത്തുന്നതും ഇനിയൊരുത്തരവുണ്ടാകുന്നത് വരെ സുപ്രീംകോടതി തടഞ്ഞു. ഇത് കൂടാതെ നിലവിലുള്ള കേസുകളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. അതേസമയം പള്ളികൾക്കും ദർഗകൾക്കും മേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികൾ സമർപ്പിച്ച കേസുകളിൽ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 1991ലെ നിയമം ഇത്തരം കേസുകൾ വ്യക്തമായി തടയുന്നതിനാൽ പ്രസ്തുത നിയമത്തിന്റെ സാധുത തീരുമാനിക്കുംവരെ ഇവ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്നും നിലനിർത്തണമെന്നുമുള്ള ഹരജികൾ സുപ്രീംകോടതി അന്തിമ വാദത്തിനെടുത്ത സാഹചര്യത്തിലാണ് നിർദേശം. നിരവധിതവണ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും ഈ ഹരജികളിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയില്ലെന്ന് ഓർമിപ്പിച്ച സുപ്രീംകോടതി നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി. കേന്ദ്ര നിലപാട് ആർക്കും ഡൗൺലോഡ് ചെയ്യാവുന്ന വിധത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.1991ലെ നിയമത്തിന്റെ 3, 4 വകുപ്പുകളും വ്യാപ്തിയും സാധുതയും പരിശോധിച്ച് തങ്ങൾ അന്തിമവിധി പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു വിഷയം സുപ്രീംകോടതിയുടെ മുന്നിലുണ്ടോ എന്ന് മറ്റു കോടതികൾ പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തെ ഒരു കോടതിയും ഇനി ഒരു സർവേക്കും ഉത്തരവിടരുതെന്ന നിർദേശം ഉത്തരവിലുണ്ടെന്ന് ബെഞ്ച് ഓർമിപ്പിച്ചു. സുപ്രീംകോടതി വിഷയം അന്തിമമായി തീർപ്പ് കൽപിക്കുന്നതു വരെ ഒരു കോടതിയും ഇത്തരം കേസുകളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത്. 1991ലെ നിയമം ഒരു ആരാധനാലയത്തിന്റെ പഴയ സ്വഭാവം പരിശോധിക്കുന്നത് തടയുന്നില്ലെന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിരീക്ഷണം പരിശോധിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
മുസ്‍ലിം പള്ളികളും ദർഗകളുമായി നിലവിൽ രാജ്യത്തെ 10 ആരാധനാലയങ്ങൾക്കെതിരെ 18 ഹരജികൾ വിവിധ കോടതികളിലുണ്ടെന്ന് അഭിഭാഷകർ അറിയിച്ചു.
സിവിൽ കോടതികൾ സുപ്രീംകോടതിയുമായി മത്സരിച്ചോടേണ്ട -ജസ്റ്റിസ് വിശ്വനാഥൻ
1991ലെ ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട കേസുകളിൽ സിവിൽ കോടതികൾ സുപ്രീംകോടതിയുമായി മത്സരിച്ചോടുന്ന സാഹചര്യമുണ്ടാകരുതെന്ന് മൂന്നംഗ ബെഞ്ചിലെ മലയാളിയായ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ഓർമിപ്പിച്ചു. അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ സുപ്രീംകോടതി വിധി സിവിൽ കോടതികൾക്ക് മുന്നിലുണ്ട്. അതുകൊണ്ട് സിവിൽ കോടതികൾ ഇനിയുമൊരുത്തരവിറക്കുന്നത് തടയേണ്ടതുണ്ടെന്നും ജസ്റ്റിസ് വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
1991ലെ നിയമത്തിന്റെ ഭരണഘടന സാധുതയാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നതെന്നും വലിയ ചോദ്യമാണ് അതുയർത്തുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. ഭരണഘടന തത്ത്വങ്ങൾക്ക് അനുസൃതമായി ചേർത്തതാണ് ഇപ്പോൾ സാധുത ചോദ്യം ചെയ്യപ്പെട്ട മൂന്നാം വകുപ്പ് എന്ന വാദം മുന്നിലുണ്ടെന്നും ആ വാദത്തിന് കേന്ദ്രം മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.