ബംഗളൂരുവിൽ കോവിഡിനെ തുരത്താൻ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിർത്തിവെച്ചു
text_fieldsബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ബംഗളൂരുവിലെ തിരക്കേറിയ പ്രദേശങ്ങളിൽ ചെറുവിമാനം ഉപയോഗിച്ച് ആകാശത്തുനിന്നും അണുനശീകരണം നടത്താനുള്ള പദ്ധതി പരാതിയെതുടർന്ന് ബി.ബി.എം.പി നിർത്തിവെച്ചു. അണുനശീകരണത്തിെൻറ ശാസ്ത്രീയതയും അപകടസാധ്യതയും ചോദ്യം ചെയ്ത് ആരോഗ്യരംഗത്തുള്ളവർ ഉൾപ്പെടെ രംഗത്തുവന്നതോടെയാണ് നടപടി. അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ വിമാന കമ്പനി അധികൃതർ അവരുടെ സ്ഥലത്ത് മാത്രമാണ് അണുനശീകരണം നടത്തിയതെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ ഗൗരവ് ഗുപ്ത പ്രതികരിച്ചു.
പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാതെ ചെറുവിമാനത്തിൽ നഗരത്തിലെ ഒരിടത്തും അണുനശീകരണം നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു. ഏരിയൽ വർക്സ് എയ്റോ എൽ.എൽ.പി ഒാർഗാനിക് ആൻറി മൈക്രോബയാൽ കമ്പനിയുമായി ചേർന്നുകൊണ്ട് സ്വന്തം നിലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അവരുടെ മേഖലയിൽ കഴിഞ്ഞ ദിവസം അണുനശീകരണം നടത്തിയത്. പദ്ധതിയിൽ ബി.ബി.എം.പി തുക മുടക്കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ, വിമാനം ഉപയോഗിച്ചുള്ള അണുനശീകരണത്തിെൻറ ആദ്യഘട്ടമായി തിങ്കളാഴ്ച മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ 10 വരെ ശിവാജി നഗര്‍, ചിക്‌പേട്ട്, കെ.ആര്‍ മാര്‍ക്കറ്റ്, ജയനഗര്‍ എന്നിവിടങ്ങളില്‍ ജൈവ അണുനാശിനി തളിക്കുമെന്നായിരുന്നു നേരത്തെ ബി.ബി.എം.പി അറിയിച്ചിരുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വിജയകരമായി പരീക്ഷിച്ച മാതൃകയാണ് നഗരത്തില്‍ നടപ്പാക്കുന്നതെന്നുമാണ് അറിയിച്ചത്.
300 മുതല്‍ 500 മീറ്റര്‍ വരെ താഴ്ന്ന് പറന്നാണ് ചെറുവിമാനമായ അമേരിക്കന്‍ ചാമ്പ്യന്‍ സ്‌കൗട്ട് എട്ട്-ജി ഉപയോഗിച്ച് ജൈവ അണുനാശിനി തളിക്കുക. സുഗര്‍ധന ഓര്‍ഗാനിക് ആൻറി മൈക്രോബയാല്‍ ആണ് ജൈവ അണുനാശിനി നിര്‍മിച്ചത്.
മനുഷ്യനോ മറ്റ് ജീവജാലങ്ങള്‍ക്കോ ദോഷം ചെയ്യാത്ത അണുനാശിനിയില്‍ നാരങ്ങാ സത്ത്, ബയോ എന്‍സൈമുകള്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. വിവിധ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രോഗാണുക്കളെ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ശനിയാഴ്ച ജക്കൂരില്‍ റവന്യു മന്ത്രി ആര്‍. അശോകയാണ് അണുനശീകരണം നടത്തുന്ന വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ, പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷം ഇതിനെതിരെ വിവിധ കോണുകളിൽനിന്നാണ് വിമർശനം ഉയർന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വിമാനം 600 മീറ്ററില്‍ താഴ്ന്ന് പറക്കരുതെന്നാണ് ചട്ടമെന്നും ഇത് 300 മീറ്റർ വരെ താഴ്ന്ന പറക്കുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നുമാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്.
എന്നാൽ, ഡി.ജി.സി.എ യുടെ അനുമതിയോടെയാണ് വിമാനം പറത്തുന്നതെന്നായിരുന്നു നേരത്തെ ബി.ബി.എം.പി ചീഫ് കമീഷണർ ഗൗരവ് ഗുപ്ത പറഞ്ഞത്. അപകടസാധ്യതക്ക് പുറമെ അന്തരീക്ഷത്തിെല ബാക്ടീരിയയെ തുരത്തുമെന്നാണ് അധികൃതർ പറയുന്നതെന്നും കോവിഡ് എന്നത് വൈറസാണെന്ന് മനസ്സിലാക്കണമെന്നും ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ ഇല്ലാത്ത അണുനാശിനി വൈറസിനെ പ്രതിരോധിക്കില്ലെന്നും ജൈവ അണുനാശിനിയിലൂടെ കോവിഡ് വൈറസിനെ തുരത്താമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.