'ആരാധനാലയ സർവേകൾ തടയണം, സംരക്ഷണ നിയമം പാലിക്കാൻ നിർദേശം നൽകണം'; കോൺഗ്രസ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ആരാധനാലയ സംരക്ഷണ നിയമം പാലിക്കാൻ കോടതി നിർദേശം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് സുപ്രീംകോടതിയിൽ. യു.പിയിലെ സംഭൽ മസ്ജിദിലടക്കമുള്ള സർവേകൾക്ക് സുപ്രീംകോടതി നേരിട്ട് സ്റ്റേ നൽകണം. ആരാധനാലയങ്ങളിൽ സർവേ നടത്താൻ കോടതികൾ ഉത്തരവിട്ടാലും നടത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും ഹരജിയിലുണ്ട്. കോൺഗ്രസ് നേതാക്കളായ അലോക് ശർമ്മ, പ്രിയ മിശ്ര എന്നിവരാണ് ഹരജി നൽകിയത്.
അജ്മീർ ശരീഫ് ദർഗ, ഭോജ്ശാല, സംഭൽ ജമാ മസ്ജിദ്, മഥുര ശ്രീകൃഷ്ണ ജന്മഭൂമി മസ്ജിദ്, ഗ്യാൻവാപി തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ സാമുദായിക ഐക്യം തകർക്കുകയാണെന്നും സുപ്രീംകോടതി ഇടപെട്ട് ഇതിന് എത്രയും വേഗം അവസാനമുണ്ടാക്കണമെന്നും ഹരിയിൽ ആവശ്യപ്പെട്ടു.
ഏറെ വിവാദമായ യു.പിയിലെ സംഭൽ ശാഹി ജമാ മസ്ജിദിലെ സർവേക്ക് വെള്ളിയാഴ്ച സുപ്രീംകോടതി തടയിട്ടിരുന്നു. ഹിന്ദുക്ഷേത്രം തകർത്ത് മുഗൾ ചക്രവർത്തി ബാബർ പണിതതാണ് പള്ളിയെന്ന അവകാശപ്പെട്ട് ഹിന്ദുത്വവാദികൾ സമർപ്പിച്ച ഹരജിയിൽ തുടർ നടപടികൾ അരുതെന്ന് സംഭൽ കോടതിയെ സുപ്രീംകോടതി വിലക്കിയിരിക്കുകയാണ്. സർവേ നടത്താനുള്ള കീഴ്കോടതി ഉത്തരവിനെതിരെ ശാഹി ജമാ മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈകോടതിയെ സമീപിക്കണമെന്ന് നിർദേശിച്ചാണ് തുടർനടപടികൾ തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.