ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ വിവിധ കമ്പനികൾക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും പുതിയവ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹരജി.
അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ചെറി ഡിസൂസ എന്നിവർ മുഖേനെയാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്താൽ അത് വംശഹത്യക്കെതിരായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഒപ്പുവെച്ച കൺവെൻഷന്റെ ലംഘനമാവുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് കുമാർ ശർമ്മ ഉൾപ്പടെയുള്ള 11 പേരാണ് ഹരജി നൽകിയത്. മൂന്നോളം കമ്പനികളാണ് ഇസ്രായേലിലേക്ക് ആയുധ കയറ്റുമതി നടത്തുന്നതെന്ന് ഹരജിയിൽ പറയുന്നു. ഇതിനായി നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും ഹരജിക്കാർ വാദിക്കുന്നു.
ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ എന്നിവരാണ് കമ്പനികൾക്ക് ഇത്തരം ലൈസൻസ് നൽകിയത്. 2024ൽ മുനിറ്റേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിന് ഇസ്രായേലിലേക്ക് അയുധകയറ്റുമതിക്ക് അനുമതി ലഭിച്ചിരുന്നു.
ഇതുകൂടാതെ സ്വകാര്യ കമ്പനികളായ പ്രീമിയർ എക്പ്ലോസീവ്, അദാനിക്ക് നിക്ഷേപമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അദാനി-എൽബിറ്റ് അഡ്വാൻസ് സിസ്റ്റം എന്നിവക്കും ആയുധ കയറ്റുമതിക്ക് അനുമതിയുണ്ട്. ആയുധ കയറ്റുമതി നിർത്താൻ അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.