'തെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിന് സ്വതന്ത്രവും സുതാര്യവുമായ സംവിധാനം വേണം'; സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും നിയമനം പൂർണമായും പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും നിയന്ത്രണത്തിലാക്കിയ പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി. നിയമം പ്രാബല്യത്തിലാക്കി ഡിസംബർ 28ന് രാഷ്ട്രപതി ദ്രൗപദി മുർമു പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന് ഒരുകൂട്ടം അഭിഭാഷകർ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
മുഖ്യ കമീഷണറെയും കമീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വീണ്ടും അംഗമാക്കണമെന്നും ഹരജിയിലുണ്ട്. തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കേണ്ടത് നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ സംവിധാനത്തിലൂടെയാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് അവരുടെ അഭാവത്തിലാണ് മോദി സർക്കാറിന്റെ അവസാന സമ്പൂർണ പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഡിസംബർ 28ന് പുതിയ നിയമം പാർലമെന്റ് കടന്നത്. തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ സമിതിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീംകോടതി നിർദേശപ്രകാരം ചീഫ് ജസ്റ്റിസിനെ കൂടി ഉൾപ്പെടുത്തിയിരുന്നു. ഇതിനുപകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കാബിനറ്റ് മന്ത്രിയെ അംഗമാക്കിയാണ് നിയമ നിർമാണം.
സുപ്രീംകോടതിയുടെ വിധിയെ നിയമനിർമാണത്തിലൂടെ മറികടക്കാൻ പാർലമെന്‍റിന് അവകാശമുണ്ടോയെന്നതാണ് കോടതിക്ക് മുമ്പിലുയർത്തുന്ന പ്രധാന ചോദ്യമെന്ന് ഹരജിയിൽ പറയുന്നു. സമിതിയിൽ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി വിധി പുറപ്പെടുവിച്ചത് ഭരണഘടനാ ബെഞ്ചാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം, ഇന്ത്യൻ ശിക്ഷാനിയമങ്ങൾക്കു പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്നു പുതിയ നിയമങ്ങൾക്കെതിരെയും സുപ്രീംകോടതിയിൽ ഹരജിയുണ്ട്. പുതിയ നിയമങ്ങളിൽ പിഴവുകളും പൊരുത്തക്കേടുകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ വിശാൽ തിവാരി ഹരജി സമർപ്പിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ ഡിസംബർ 21നാണ് ലോക്സഭ പാസാക്കിയത്. ഡിസംബർ 25ന് രാഷ്ട്രപതി ദ്രൗപദി മുർമു ബില്ലിന് അംഗീകാരം നൽകി.
പാർലമെന്റിൽ ചർച്ച കൂടാതെയാണ് ബില്ലുകൾ പാസാക്കിയതെന്നും അതിനാൽ സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ പറയുന്നു. ബില്ലുകൾ പാസാക്കുന്ന സമയത്ത് മിക്ക പ്രതിപക്ഷ അംഗങ്ങളും സസ്പെൻഷനിലായിരുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.