'സുമിയിലെ വിദ്യാർഥികൾക്ക് സുരക്ഷിത ഇടനാഴി ഒരുക്കണം'; വിഷയം യു.എന്നിൽ ഉന്നയിച്ച് ഇന്ത്യ
text_fieldsയുണൈറ്റഡ് നേഷൻസ്: യുക്രെയ്നിലെ സുമി നഗരത്തിൽ കുടുങ്ങിയ വിദ്യാർഥികളെ ഒഴിപ്പിക്കുന്ന വിഷയം ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ ഉന്നയിച്ച് ഇന്ത്യ. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഫലവത്തായില്ലെന്ന് യു.എന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ് തിരുമൂർത്തി ചൂണ്ടിക്കാട്ടി. രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇന്ത്യ ആശങ്ക പങ്കുവെച്ചത്.
ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടും ഇന്ത്യൻ വിദ്യാർഥികൾക്ക് സുരക്ഷിതമായ ഒരു ഇടനാഴി യാഥാർഥ്യമാകാത്തതിൽ ആശങ്കയുണ്ട്. വിഷയത്തിലെ ഗൗരവം റഷ്യയെയും യുക്രെയ്നെയും ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. എന്നാൽ, വിദ്യാർഥികൾക്ക് സുരക്ഷിത ഇടനാഴി സൃഷ്ടിക്കാനായില്ല. യുക്രെയ്നിൽ നിന്നുള്ള എല്ലാ സിവിലിയന്മാർക്കും പൗരന്മാർക്കും സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രാമാർഗം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മാനുഷിക പ്രവർത്തനങ്ങളിൽ എപ്പോഴും നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നീ തത്വങ്ങളാൽ നയിക്കേണ്ടത് പ്രധാനമാണ്. യുക്രെയ്‌നിൽ നിന്ന് 20,000ലധികം ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് സുഗമമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ യുക്രെയ്നിൽ നിന്ന് ഒഴിപ്പിക്കാനും ഇന്ത്യ സഹായിച്ചിട്ടുണ്ട്.
യുക്രെയ്നിലേക്കും അയൽ രാജ്യങ്ങളിലേക്കും മരുന്നുകൾ, ടെന്റുകൾ, ജല സംഭരണ ടാങ്കുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ അടക്കമുള്ള മാനുഷിക സഹായങ്ങൾ ഇന്ത്യ കൈമാറിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവ കൈമാറാനുള്ള നടപടകളിലാണ് ഇന്ത്യയെന്നും തിരുമൂർത്തി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.