ബംഗ്ലാദേശ് സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാളിൽ സമാധാനത്തിന് അഭ്യർഥിച്ച് മമത
text_fieldsകൊൽക്കത്ത: ബംഗ്ലാദേശിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംയമനം പാലിക്കാനും സമാധാനത്തിന് അനുകൂലമായി നിലകൊള്ളാനും മമത ബാനർജി ആവശ്യപ്പെട്ടു. ശാന്തത പാലിക്കണമെന്നും വർഗീയപരമായ പെരുമാറ്റത്തിൽ ഏർപ്പെടുകയോ നിയമം കൈയിലെടുക്കുകയോ ചെയ്യാതിരിക്കണമെന്നും എല്ലാ സമുദായങ്ങളിലെയും ആളുകളോടും താൻ അഭ്യർത്ഥിക്കുന്നുവെന്ന് മൺസൂൺ സെഷൻ അവസാനിച്ചതിനുശേഷം നിയമസഭാ ചേംബറിൽവെച്ച് മമത പറഞ്ഞു. സമാധാനം തകർക്കുന്ന ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളോടും മറ്റെല്ലാവരോടും അഭ്യർഥിക്കുന്നു. അക്രമത്തിനോ പ്രകോപനത്തിനോ കാരണമാകുന്ന അഭിപ്രായങ്ങൾ ഒന്നും പറയരുത്.
അവിടെയുള്ള നമ്മുടെ സഹോദരീസഹോദരന്മാർ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിട്ടാൽ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സർക്കാറുകൾ നോക്കിക്കൊള്ളുമെന്നും ഇന്ത്യാ സർക്കാർ പറയുന്നതെന്താണോ അതനുസരിച്ച് സംസ്ഥാന ഭരണകൂടം പ്രവർത്തിക്കുമെന്നും മമത പറഞ്ഞു. സമാധാനത്തിനും ശരിയായ അവബോധത്തിനും വേണ്ടി എല്ലാ സമുദായ നേതാക്കളും സംസാരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിസഭയിലെ മുതിർന്ന സഹപ്രവർത്തകർക്ക് മമത നിർദേശം നൽകിയിട്ടുമുണ്ട്.
ബംഗ്ലാദേശ് സാഹചര്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെ കുറിച്ചും ചോദിച്ചപ്പോൾ പ്രതികരിക്കാൻ മമത വിസമ്മതിച്ചു. ‘ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ച് നമുക്കെല്ലാവർക്കും ആശങ്കയുണ്ട്. എന്നാൽ ബംഗാളിലോ രാജ്യത്തിലോ സമാധാനം തകർക്കുന്ന വികാരങ്ങളുടെ സ്വാധീനത്തിൽ എന്തെങ്കിലും എഴുതുകയോ പോസ്റ്റുചെയ്യുകയോ ചെയ്യരുതെന്നായിരുന്നു മറുപടി. ബി.ജെ.പി ഉൾപ്പെടെ എല്ലാവരോടും ഞാൻ ഇത് പറയും. ചില ബി.ജെ.പി നേതാക്കൾ ഇതിനകം ചിലത് പോസ്റ്റ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. അത് ഉചിതമല്ലെന്ന് ഞാൻ കരുതുന്നു. അത്തരത്തിലുള്ള എന്തെങ്കിലും പറയുകയോ പോസ്റ്റുചെയ്യുകയോ ചെയ്യരുതെന്ന് നമ്മുടെ നേതാക്കളോട് അഭ്യർത്ഥിക്കുകയാണ്. അയൽരാജ്യത്ത് ചില സംഭവവികാസങ്ങൾ ഉണ്ടായാൽ നമ്മുടെ രാജ്യത്തും അതിന്റെ പ്രത്യാഘാതം ഉണ്ടായേക്കാം. നമ്മൾ ശാന്തരായിരിക്കുകയും എന്തു വിലകൊടുത്തും സമാധാനം സംരക്ഷിക്കുകയും വേണം - അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.