പുതിയ തുടക്കമെന്ന അഭിലാഷം മുന്നോട്ടുവെച്ച് പ്ലീനറി സമ്മേളനം; 'നവ കോൺഗ്രസ്'
text_fieldsനവോന്മേഷം നിറഞ്ഞ പുതിയൊരു തുടക്കം വിളംബരം ചെയ്യുന്നവിധം ‘നവ കോൺഗ്രസ്’ എന്ന അഭിലാഷം മുന്നോട്ടുവെച്ച് റായ്പുർ പ്ലീനറി സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് പാർട്ടി ആവർത്തിച്ച് പ്രഖ്യാപിച്ചു. നിർണായകമായ തെരഞ്ഞെടുപ്പുകളിൽ ഐക്യവും അച്ചടക്കവുമായി അധ്വാനിക്കാൻ നേതാക്കൾക്കും പ്രവർത്തകർക്കും ആഹ്വാനം.
റായ്പുരിൽ നടന്ന 85ാം പ്ലീനറി സമ്മേളന ചർച്ചകൾ ഉപസംഹരിച്ച പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നവ കോൺഗ്രസ് എന്ന അഭിലാഷം മുന്നോട്ടുവെച്ചത്. ‘‘കോൺഗ്രസ് നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. എന്നാൽ, പാർട്ടിക്ക് നേരിടാൻ കഴിയാത്തതായി ഒന്നുമില്ല. അതിനുവേണ്ടത് ഐക്യവും അച്ചടക്കവും നിശ്ചയദാർഢ്യവുമാണ്. പ്രവർത്തകരുടെ ശക്തിയാണ് പാർട്ടിയുടെ ശക്തി’’ -അദ്ദേഹം പറഞ്ഞു.
കാലത്തിനൊത്ത് പലതും മാറും. ജനങ്ങളുടെ അഭിലാഷവും പ്രതീക്ഷയും മാറും. പുതിയ വെല്ലുവിളികൾ വരും. പക്ഷേ, പുതിയ വഴികളും തെളിഞ്ഞുവരും. രാഷ്ട്രീയത്തിന്റെയും സാമൂഹിക പ്രവർത്തനത്തിന്റെയും പാത ഒരിക്കലും അവസാനിക്കുന്നില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ഈ വഴിയിലൂടെ പല തലമുറകൾ സഞ്ചരിച്ചു. ഭാവിയിലും അത് തുടരുമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
പ്ലീനറി മുന്നോട്ടുവെച്ച അഞ്ചിന കാര്യപരിപാടി
1 ഭരണഘടന സംരക്ഷിക്കാനും വെല്ലുവിളികൾ നേരിടാനുമുള്ള ക്രിയാത്മകമായ പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കാൻ തയാർ.
2ലോക്സഭ തെരഞ്ഞെടുപ്പിന്റെ ധ്വനി നിശ്ചയിക്കാൻ പര്യാപ്തമായ കർണാടക, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പൂർണ ഐക്യവും അച്ചടക്കവുമായി പാർട്ടി നേതാക്കളും പ്രവർത്തകരും അധ്വാനിക്കണം.
3സേവാദളിന്റെ ശതാബ്ദിവേളയിൽ ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ജനസമ്പർക്ക പരിപാടി ഊർജിതമാക്കും.
4കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ മാതൃകാപരമായ കൂടുതൽ ജനകീയപദ്ധതികൾ നടപ്പാക്കും.
5അധികാരത്തിൽ വന്നാൽ സമ്പൂർണ സാമാജിക് സുരക്ഷ, ന്യായ്, സാർവത്രിക ചികിത്സാവകാശ പദ്ധതികൾ നടപ്പാക്കും; അതേക്കുറിച്ച വിശദീകരണം ജനസമ്പർക്ക പരിപാടിയുടെ ഭാഗമാക്കും.
• വളരുന്ന സാമ്പത്തിക അസമത്വം, തീക്ഷ്ണമാകുന്ന സാമൂഹിക ധ്രുവീകരണം, കടുത്ത രാഷ്ട്രീയ സ്വേച്ഛാധിപത്യം എന്നീ മൂന്നു പ്രധാന വെല്ലുവിളികൾക്ക് മുന്നിലാണ് രാജ്യം. ബി.ജെ.പിയും ആർ.എസ്.എസുമായും അവരുടെ നിന്ദ്യ രാഷ്ട്രീയവുമായും ഒരിക്കലും വിട്ടുവീഴ്ചചെയ്യാത്ത ഏക പാർട്ടി കോൺഗ്രസാണ്. ബി.ജെ.പിയുടെ ഏകാധിപത്യ, വർഗീയ, ചങ്ങാത്ത മുതലാളിത്ത ചെയ്തികൾക്കെതിരായ മൂല്യങ്ങൾ സംരക്ഷിക്കാൻ പോരാടുമെന്ന് റായ്പുർ പ്രഖ്യാപനത്തിൽ പറഞ്ഞു.
''ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം ഒരു കമ്പനിക്കെതിരെയായിരുന്നു -ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി. രാജ്യത്തിന്റെ സമ്പത്തും തുറമുഖം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും അവർ പിടിച്ചടക്കി. ചരിത്രം ആവർത്തിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സമാനമാണ് അദാനി ഗ്രൂപ്. രാജ്യത്തിന്റെ സമ്പത്ത് അടിച്ചുമാറ്റി രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണ് അദാനിയെന്ന വ്യവസായി. ഇത് രാജ്യത്തിനെതിരായ പണിയാണ്. അങ്ങനെ സംഭവിച്ചാൽ കോൺഗ്രസ് ഒന്നാകെ അതിനെതിരെ നിൽക്കും. ഭാരത് ജോഡോ യാത്ര കശ്മീർ താഴ്വരയിൽ എത്തിയതോടെ പൊലീസുകാരെല്ലാം പിൻവലിഞ്ഞു. അതിനിടയിൽ തനിക്കു കാണാൻ കഴിഞ്ഞത്, ആയിരങ്ങൾ ദേശീയപതാക കൈയിലേന്തിയിരിക്കുന്നതാണ്''
-കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.