'ഞാൻ മരിച്ചാൽ ഉത്തരവാദികൾ മോദിയും അമിത്ഷായും' -ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ
text_fieldsസിംഘു: കേന്ദ്ര സർക്കാറിന്‍റെ കർഷക ദ്രോഹ നിയമത്തിനെതിരെ സമരമുഖത്തുള്ള 65കാരനായ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു. പഞ്ചാബിലെ തൻതരാനിൽനിന്നുള്ള 65 കാരനായ നിരഞ്ജൻ സിങ്ങെന്ന കർഷകനാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ അപകടനില തരണം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയോടെയാണ് സിങ്ങ് സിംഘു-ഹരിയാന അതിർത്തിയിലെത്തിയത്. വിഷം കഴിച്ച നിരഞ്ജൻ സിങ്ങിനെ കൂടെയുള്ളവർ ഉടൻ റോത്തക്കിലെ പി.ജി.ഐ.എം.എസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എത്തിച്ച് ചികിത്സ നൽകി.
അപകടനില തരണം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും എതിരെ ആഞ്ഞടിച്ചു. 'എനിക്ക് ഭേദം തോന്നുന്നു. ആത്മഹത്യ പോലുള്ള സംഭവം നടക്കുമ്പോഴെങ്കിലും കേന്ദ്രം ഞങ്ങളുടെ പ്രശ്നത്തിൽ ഇടപെടണം, ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാൾക്കെതിരെ പൊലീസ് കേസെടുക്കും. എന്‍റെ വിഷയത്തിൽ അമിത് ഷാക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും കേസെടുക്കണം' - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം സമരമുഖത്തുനിന്ന് മടങ്ങിയെത്തിയ കുൽബീർ സിങ്ങ് എന്ന കർഷകൻ ആത്മഹത്യ ചെയ്തതായി പഞ്ചാബിലെ ഫിറോസാപൂർ പൊലീസ് പറഞ്ഞു. അദ്ദേഹത്തിന് എട്ട് ലക്ഷത്തോളം കടമബാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
നേരത്തേ കർഷക സമരത്തിൽ പങ്കെടുത്ത് പഞ്ചാബിൽ തിരികെയെത്തിയ യുവ കർഷകനും വിഷം കഴിച്ച് ജീവനൊടുക്കിയിരുന്നു. ബതിന്ദ ജില്ലയിലെ ദയാൽപുര മിർസ ഗ്രാമത്തിലെ ഗുർലഭ് സിങ് (22) ആണ് മരിച്ചത്. സമരത്തിൽ പങ്കെടുത്ത ശേഷം ഈമാസം 18നാണ് ഗുർലഭ് സിങ് നാട്ടിൽ മടങ്ങിയെത്തിയത്. ശനിയാഴ്ചയാണ് വീട്ടിനുള്ളിൽ വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പ്രതിഷേധത്തിൽ പങ്കുചേർന്ന ഹരിയാനയിലെ ഗുരുദ്വാരയിലെ പുരോഹിതനും കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തിരുന്നു. സിങ്കുവിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഡൽഹി-സോണിപട്ട് അതിർത്തിയിലെ കുണ്ട്്ലിയിൽ വെച്ചാണ് അദ്ദേഹം സ്വയം വെടിവെച്ച് ജീവനൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.