മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും
text_fieldsന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അനുകമ്പയുടെ ലോകശബ്ദമായിരുന്നു മാർപാപ്പയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. അടിസ്ഥാന വർഗങ്ങൾക്കു വേണ്ടിയും അരികുവത്കരിച്ചവർക്കു വേണ്ടിയും നിർഭയനായി സംസാരിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും രാഹുൽഗാന്ധി അനുസ്മരിച്ചു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമ്മിക്കുമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
സമഗ്രമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ നിന്ന് താൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകൾകൊണ്ടും ഫ്രാൻസിസ് മാർപാപ്പ ലോകത്തിന്റെ ശ്രദ്ധ നേടി. മതങ്ങൾക്കിടയിലെ ആശയവിനിമയത്തെ ഫ്രാൻസിസ് മാർപാപ്പ പിന്തുണച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് വേണ്ടി പ്രാർഥിച്ചു. സമാധാനത്തിന് വേണ്ടിയും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.