ആപ് കോൺഗ്രസിന്‍റെ ഫോട്ടോ കോപ്പി, കോൺഗ്രസ് സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിച്ചു -മോദി
text_fieldsപഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന സമയത്തേക്ക് കടക്കവെ പ്രധാന എതിരാളികളായ കോൺഗ്രസിനെയും എ.എ.പിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും ആപ്പും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് സർജിക്കൽ സ്ട്രൈക്കിൽ വിശ്വസിച്ചില്ലെന്നും അവർ അതിന് തെളിവ് ചോദിച്ചെന്നും മോദി പറഞ്ഞു.
ആം ആദ്മി പാർട്ടിയെ കോൺഗ്രസിന്റെ ഫോട്ടോകോപ്പി എന്ന് വിശേഷിപ്പിച്ച അദ്ദേഹം അയോധ്യ ക്ഷേത്രത്തിലോ സൈന്യം എന്തെങ്കിലും ചെയ്യുമ്പോഴോ ഇരുവരും സന്തുഷ്ടരല്ലെന്നും പറഞ്ഞു. പഞ്ചാബിലെ പത്താൻകോട്ടിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. "ഒരു പാർട്ടി പഞ്ചാബ് കൊള്ളയടിച്ചു, മറ്റേ പാർട്ടി ഡൽഹിയിൽ അഴിമതി നടത്തുന്നു" -മോദി പറഞ്ഞു. 1965ൽ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിൽ ഗുരുനാനാക്കിന്റെ ജന്മസ്ഥലം ഇന്ത്യയിൽ തന്നെ ഉണ്ടാകുമായിരുന്നു എന്നും മോദി കൂട്ടിച്ചേർത്തു.
2016ലെ പത്താൻകോട്ട് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ കോൺഗ്രസ് ഇകഴ്ത്തുകയും അവഹേളിക്കുകയും ചെയ്തതായി പ്രധാനമന്ത്രി ആരോപിച്ചു. ആക്രമണത്തിനെതിരായ പ്രതികരണത്തിൽ കോൺഗ്രസ് ഒഴികെ രാജ്യം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. "അവർ സർക്കാരിനെയും പഞ്ചാബിലെ ജനങ്ങളെയും നമ്മുടെ സൈന്യത്തെയും പോലും ചോദ്യം ചെയ്തു. സൈനികരുടെ ത്യാഗത്തെ അവർ ഇകഴ്ത്തി," -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.