പാർലമെന്‍റ് സമ്മേളനത്തിനിടെ പ്രത്യേക മന്ത്രിസഭ യോഗം ചേരുന്നു
text_fieldsന്യൂഡൽഹി: അഞ്ച് ദിവസം നീളുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേരുന്നു. വൈകീട്ട് 6.30ന് ആരംഭിച്ച യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പാർലമെന്‍റ് അനെക്സ് മന്ദിരത്തിലാണ് പുരോഗമിക്കുന്നത്. പ്രത്യേക മന്ത്രിസഭ യോഗത്തിന്‍റെ അജണ്ടയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പാർലമെന്‍റ് സ്പെഷൽ സെഷനിൽ പാസ്സാക്കേണ്ട നിർണായക ബില്ലുകളെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് അഭ്യൂഹം.
മന്ത്രിസഭ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രിമാരെ കണ്ടിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഇവരോടൊപ്പമുണ്ടായിരുന്നു.
പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ 'ചരിത്രപരമായ തീരുമാനങ്ങൾ' കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. വിനായക ചതുര്‍ഥി ദിവസം പുതിയ കെട്ടിടത്തിലേക്ക് പാർലമെന്‍റ് സമ്മേളനം മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന എട്ട് ബില്ലുകളുടെ പട്ടിക ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ സർക്കാർ പ്രതിപക്ഷത്തിന് നൽകിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 1.15നാണ് പുതിയ മന്ദിരത്തിൽ പാർലമെന്‍റ് സമ്മേളിക്കുക. സമ്മേളനത്തിൽ വനിത സംവരണ ബിൽ കൊണ്ടുവരണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. അദാനി ഓഹരി തട്ടിപ്പ്, മണിപ്പൂര്‍ വിഷയം എന്നിവയും പ്രത്യേക പാർലമെന്‍റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.