പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണമാക്കി പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിൽ ത്രിവർണ്ണം പ്രൊഫൈൽ ചിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരോടും ത്രിവർണ്ണം പ്രൊഫൈൽ ചിത്രമാക്കാനും അദ്ദേഹം അഭ്യർഥിച്ചു.
'ഇന്നത്തെ ദിവസം സവിശേഷതയുള്ളതാണ്. നമ്മൾ സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ ത്രിവർണ്ണത്തെ ആഘോഷിക്കുന്ന 'ഹർഗർ തിരംഗ്' എന്ന മുന്നേറ്റത്തിന് രാജ്യം സജ്ജമാണ്. ഞാൻ എന്‍റെ സമൂഹമാധ്യമ പേജുകളിലെ ഡി.പി മാറ്റി, നിങ്ങളോടെല്ലാവരോടും ഇങ്ങനെ ചെയ്യാൻ ഞാൻ അഭ്യർഥിക്കുന്നു.' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ദേശീയപതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യയെ അനുസ്മരിച്ചുകൊണ്ടുള്ള ട്വീറ്റും പ്രധാനമന്ത്രി പങ്കുവെച്ചു.മഹാനായ പിംഗലി വെങ്കയ്യയുടെ ജന്മവാർഷികത്തിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മൾ അഭിമാനം കൊള്ളുന്ന ത്രിവർണ്ണ പതാക നൽകാനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തിന് നമ്മുടെ രാഷ്ട്രം എക്കാലവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ത്രിവർണ്ണ പതാകയുടെ ശക്തിയും പ്രചോദനവും ഉൾക്കൊണ്ട് ദേശീയ പുരോഗതിക്കായി പ്രവർത്തിക്കാമെന്നും ട്വീറ്റിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കളും 'ത്രിവർണ്ണം' പ്രൊഫൈൽ ചിത്രമാക്കിയിട്ടുണ്ട്.
നേരത്തെ ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. മൻകി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.