മോദി എന്ത് സംഭാവനകളാണ് നൽകിയത്? ചോദ്യവുമായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകക്ക് മോദി നൽകിയ സംഭാവനകളെന്തെന്ന ചോദ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. മോദിയുടെ ബംഗളൂരു സന്ദർശനത്തിന് മുന്നോടിയായാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. നിലവിലെ ബി.ജെ.പി സർക്കാർ നടത്തുന്ന അഴിമതി ആരോപണങ്ങളെ ചോദ്യം ചെയ്ത മുൻ മുഖ്യമന്ത്രി, താൻ അഴിമതിയിൽ ഏർപ്പെടുകയോ മറ്റാരെയും അതിൽ ഏർപ്പെടാൻ അനുവദിക്കുകയോ ചെയ്യില്ല (നാ ഖാവൂംഗ, നാ ഖാനേ ദൂംഗ) എന്ന മുദ്രാവാക്യം എന്തിനുവേണ്ടിയാണ് പറയുന്നതെന്നും ചോദിച്ചു.
പ്രളയമുണ്ടായപ്പോൾ മോദി വന്നില്ല. ജനങ്ങൾ ദുരിതമനുഭവിച്ചപ്പോഴും മോദിയെ കണ്ടില്ല. തെരഞ്ഞെടുപ്പടുത്തപ്പോൾ അദ്ദേഹം വരികയാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനങ്ങൾ നിറവേറ്റാൻ, വിലക്കയറ്റം രൂക്ഷമായപ്പോൾ, തൊഴിലില്ലായ്മ വർധിച്ചപ്പോൾ പ്രധാനമന്ത്രി സംസ്ഥാനത്തിനു വേണ്ടി എന്തു ചെയ്തു. അധികാരത്തിലെത്തിയ ശേഷം വിദ്വേഷ രാഷ്ട്രീയം വർധിച്ചു. പിന്നെ എന്താണ് ഈ മുദ്രാവാക്യം -സിദ്ധരാമയ്യ ചോദിച്ചു.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിന്റെ ഉദ്ഘാടനം, ബംഗളൂരു സ്ഥാപകൻ നാദ പ്രഭു കെംപഗൗഡയുടെ 108 അടി പ്രതിമയുടെ അനാച്ഛാദനം, ചെന്നൈ -മൈസൂർ 'വന്ദേ ഭാരത്' ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് തുടങ്ങി വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ നവംബർ 11ന് മോദി കർണാടക സന്ദർശിക്കും.
അതേസമയം, 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ച് തീരുമാനമായിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. നിലവിലെ സീറ്റായ ബദാമിയിൽ നിന്ന് മത്സരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.