‘ഇനി ഗ്രാമങ്ങളുടെ വികസനത്തിൽ പങ്കാളികളാകൂ’ തൊഴിലാളികളോട് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ ജനതക്കായി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് രൂപം നൽകിയ ‘ഗരീബ് കല്യാൺ റോജ്ഗർ അഭിയാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് പദ്ധതി വിഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ലോക്ഡൗൺ സമയത്ത് ഭൂരിഭാഗം അന്തർ സംസ്ഥാന തൊഴിലാളികളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി. കോവിഡിന് മുമ്പ് അവർ നഗരങ്ങൾ പടുത്തുയർത്തുന്നതിൽ ഭാഗവാക്കായി. ഇനി അവരുടെ സ്വന്തം ഗ്രാമങ്ങളിൽ തൊഴിൽ നൽകുന്നതിനായാണ് തങ്ങളുടെ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘എെൻറ തൊഴിലാളി സുഹൃത്തുക്കളേ, രാജ്യം നിങ്ങളുടെ വികാരങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നു. പുതുതായി ആരംഭിക്കുന്ന ഗരീബ് കല്യാൺ റോജ്ഗർ അഭിയാൻ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും’ -പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
തൊഴിലാളികൾക്ക് തങ്ങളുടെ ഗ്രാമത്തിൽതന്നെയാണ് തൊഴിൽ ആവശ്യം. നേരത്തേ, നിങ്ങളുടെ നൈപുണ്യം നഗരങ്ങൾ കെട്ടിപടുക്കുന്നതിന് ഉപയോഗിച്ചു. ഇനി നിങ്ങളുടെ ഗ്രാമങ്ങൾ വികസനത്തിൽ പങ്കാളികളാകൂ -അദ്ദേഹം കൂട്ടിച്ചേർത്തു.
116 ജില്ലകളിലുള്ള കുടിയേറ്റ തൊഴിലാളികൾക്ക് 25ഓളം മേഖലകളിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിഹാർ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാകും പദ്ധതി നടപ്പാക്കുക. ലക്ഷകണക്കിന് തൊഴിലാളികളാണ് ഈ സംസ്ഥാനങ്ങളിലേക്ക് ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയത്. പദ്ധതിക്കായി 50,000 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.