പ്രധാനമന്ത്രിയുടേത് പൊള്ളയായ വാഗ്ദാനങ്ങൾ -എം.കെ.സ്റ്റാലിൻ
text_fieldsചെന്നൈ: പ്രധാനമന്ത്രിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമാായ എം.കെ.സ്റ്റാലിൻ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതിന്‍റെ സ്നേഹമാണ് നരേന്ദ്രമോദി കാണിക്കുന്നതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ധർമപുരിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഞങ്ങൾ എല്ലാ ജില്ലകളെയും ഒരുപോലെയാണ് പരിഗണിക്കുന്നത്. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കുന്നുണ്ടോ? കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളെയും ബഹുമാനിക്കുകയും പരിപോഷിപ്പിക്കുകയും വേണം. അതിന് പകരം അവയെ നശിപ്പിക്കാൻ ശ്രമിക്കുകയാണിവിടെ. സംസ്ഥാനങ്ങളെ തകർത്ത്, നമ്മുടെ ഭാഷയെയും പാരമ്പര്യത്തെയും വംശത്തെയും നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്" -സ്റ്റാലിൻ പറഞ്ഞു.
പ്രധാനമന്ത്രി നിരന്തരം തമിഴ്നാട് സന്ദർശിക്കുന്നുണ്ട് എന്നാൽ അതിന് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി എൽ.പി.ജി നിരക്ക് കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 10 വർഷമായി 500 രൂപ കൂട്ടിയതിൽ നിന്ന് 100 രൂപ കുറച്ചു. ഇതൊരു തട്ടിപ്പല്ലെയെന്നും സ്റ്റാലിൻ ചോദിച്ചു. കഴിഞ്ഞ വർഷം ചെന്നൈയിലും തൂത്തുക്കുടിയിലും പ്രളയമുണ്ടായപ്പോൾ മോദി സംസ്ഥാനം സന്ദർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ വികസനത്തിന് വേണ്ടി ഫണ്ടുകളൊന്നും കേന്ദ്രം നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ തമിഴ്നാടിന് 20,000 കോടി രൂപ ലഭിച്ചില്ല. പ്രളയ ദുരിതാശ്വാസ ഫണ്ടായി 37,000 കോടി രൂപ ലഭിച്ചു. രണ്ടാംഘട്ട മെട്രോ പദ്ധതിക്ക് പണം നൽകിയില്ല. പ്രധാനമന്ത്രിയുടെ പാർപ്പിട പദ്ധതിക്കുള്ള തുകയുടെ മൂന്നിൽ രണ്ട് ഭാഗവും സംസ്ഥാനമാണ് നൽകുന്നത്. ജൽ ജീവൻ പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ വിഹിതം 50 ശതമാനമാണ്. സംസ്ഥാനത്ത് നിന്ന് പണം വാങ്ങി പ്രധാനമന്ത്രി തന്‍റെ പദ്ധതികളുടെ സ്റ്റിക്കർ ഒട്ടിക്കുകയാണ് ചെയ്യുന്നത്. ഒഴിഞ്ഞ കൈകളോടെ വന്ന് പ്രധാനമന്ത്രി സംസ്ഥാനത്തിന് പൊള്ളയായ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.