സംവരണം: വിദ്വേഷം ആവർത്തിച്ച് മോദി
text_fieldsആഗ്ര: ഒ.ബി.സിക്കാരുടെ സംവരണം തട്ടിയെടുക്കാനും മതാടിസ്ഥാനത്തിൽ ഏർപ്പെടുത്താനുമാണ് കോൺഗ്രസ് ശ്രമമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്- സമാജ്വാദി പാർട്ടി കൂട്ടുകെട്ട് പ്രീണന രാഷ്ട്രീയത്തിനുള്ളതാണെന്നും ഉത്തർപ്രദേശിലെ ആഗ്രയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. വനിതകളുടെ സ്വത്തിലാണ് അവർ നോട്ടമിട്ടിരിക്കുന്നത്. ചൗകീദാറായി (കാവൽക്കാരൻ) താനുള്ളപ്പോൾ അവരുടെ നീക്കം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പിൽ മോദിയുടെ മേൽക്കൈ നഷ്ടമായെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗം വെളിവാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. മോദിയുടെ ഗാരന്റി ‘അദാനിയുടെ സർക്കാർ’ ആണ്. എന്നാൽ, ‘ഇന്ത്യക്കാരുടെ സർക്കാർ’ ആണ് കോൺഗ്രസിന്റെ ഗാരന്റി. വനിതകൾക്ക് പ്രതിമാസം 8500 രൂപ നൽകും. യുവാക്കൾക്ക് പ്രതിവർഷം ഒരുലക്ഷം രൂപ ശമ്പളമുള്ള ജോലിയും ഉറപ്പുനൽകുന്നു. 30 ലക്ഷം ഒഴിവുകളിൽ നിയമനം നടത്തുമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിച്ച് ‘അസത്യമേവ ജയതേ’യുടെ പ്രതീകമായി മോദി മാറിയതായി പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് വർഗീയതയും പച്ചക്കള്ളവും മോദി ആയുധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.