ഷാങ്ഹായ് ഉച്ചകോടിയില്‍ ചൈനക്കും പാകിസ്താനുമെതിരെ വിമര്‍ശനവുമായി ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ഷാങ്ഹായ് ഉച്ചകോടിയില്‍ ചൈനക്കും പാകിസ്താനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ്.സി.ഒ.) വെര്‍ച്വല്‍ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
ഉഭയകക്ഷി പ്രശ്‌നങ്ങള്‍ എസ്.സി.ഒയില്‍ ഉന്നയിക്കാനുള്ള ശ്രമങ്ങള്‍ പൊതുധാരണകള്‍ക്കും ഈ സംഘടനയുടെ ആദര്‍ശത്തിനും എതിരാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കശ്മീര്‍ വിഷയം വീണ്ടും എസ്.സി.ഒയില്‍ ഉന്നയിക്കാന്‍ പാകിസ്താന്‍ ശ്രമിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇതിനെ വിമര്‍ശിച്ചത്.
ഇന്ത്യക്ക് എസ്.സി.ഒ അംഗരാജ്യങ്ങളുമായി സാംസ്‌കാരികവും ചരിത്രപരവുമായ ശക്തമായ ബന്ധമുണ്ട്. ഈ ബന്ധം വര്‍ധിപ്പിച്ച് മുന്നോട്ട് പോകാന്‍ പരമാധികാരത്തെയും അഖണ്ഡതയെയും പരസ്പരം ബഹുമാനിക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു. എസ്.സി.ഒ അജണ്ടയിലേക്ക് ഉഭയകക്ഷി പ്രശ്‌നങ്ങള്‍ കൊണ്ടുവരാനുള്ള അനാവശ്യ ശ്രമങ്ങള്‍ നിര്‍ഭാഗ്യകരമാണ് -പ്രധാനമന്ത്രി പറഞ്ഞു.
മേയില്‍ ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്‌നം ആരംഭിച്ചതിനു ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖാമുഖം വന്ന ആദ്യ സന്ദര്‍ഭമാണിത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങളും സുരക്ഷാ ആശങ്കകളും കാരണമാണ് ഈ വര്‍ഷം ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതവും വര്‍ധിച്ചുവരുന്ന ഭീകരവാദ ഭീഷണിയും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.