സ്റ്റാലിന് പിറന്നാൾ ആശംസയുമായി രാഹുലും മോദിയും
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പിറന്നാൾ ആശംസയുമായി രാഹുൽ ഗാന്ധി. എക്സിലൂടെയാണ് സ്റ്റാലിന് രാഹുൽ പിറന്നാൾ ആശംസയുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവും ഫെഡറൽ ഘടനയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം ഇനിയും ഒരുമിച്ച് തുടരുമെന്ന് രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് സേവനം ചെയ്യാനായി അദ്ദേഹത്തിന് ആരോഗ്യമുണ്ടാകട്ടെയെന്നും രാഹുൽ ആശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റാലിന് ആശംസയറിയിച്ചിരുന്നു. സ്റ്റാലിൻ ആരോഗ്യകരമായ ഒരു ജീവിതം ദീർഘകാലത്തേക്ക് നയിക്കട്ടെയെന്നായിരുന്നു മോദിയുടെ ആശംസ. സ്റ്റാലിന് ആശംസയിറയിച്ച് തമിഴ് സിനിമതാരങ്ങളായ രജനീകാന്തും വിജയും രംഗത്തെത്തിയിട്ടുണ്ട്.
തമിഴ് ഭാഷയും സംസ്കാരവും ഒരുപാട് സമ്മർദങ്ങളെ അഭിമുഖീകരിച്ചപ്പോഴെല്ലാം സ്റ്റാലിൻ അതിനെ പ്രതിരോധിക്കാനായി മുൻനിരയിലുണ്ടായിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് കമൽഹാസൻ പറഞ്ഞു. തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ സ്റ്റാലിൻ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു പിറന്നാൾ കൂടി വരുന്നത്.
നേരത്തെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിച്ചത് മൂലം ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകൾ ഇല്ലാതായെന്ന് സ്റ്റാലിൻ പറഞ്ഞു. ഉത്തർപ്രദേശിലും ബിഹാറിലുമൊന്നും ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാർഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും സ്റ്റാലിൻ ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.