‘കോൺഗ്രസിന്‍റെ രാജകുടുംബം രാഷ്ട്രപതിയെ അപമാനിച്ചു’; സോണിയയെ വിമർശിച്ച് മോദി
text_fieldsന്യൂഡൽഹി: പാർലമെന്‍റിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ സുദീർഘമായ പ്രസംഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്‍റെ രാജകുടുംബം ആദിവാസി മകളെ അപമാനിച്ചതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
‘ദ്രൗപതി മുർമു ആദിവാസി കുടുംബത്തിൽനിന്നാണ് വരുന്നത്. അവരുടെ മാതൃഭാഷ ഹിന്ദിയല്ല, ഒഡിയയാണ്. അവർ ഇന്ന് പാർലമെന്‍റിൽ നടത്തിയ പ്രസംഗം വലിയ പ്രചോദനം നൽകുന്നതാണ്. പക്ഷേ, കോൺഗ്രസിന്‍റെ രാജകുടുംബം രാഷ്ട്രപതിയെ അധിക്ഷേപിച്ചു. പ്രസംഗം മടുപ്പിക്കുന്നതാണെന്നാണ് രാജകുടുംബത്തിലെ ഒരംഗം പറഞ്ഞത്’ -മോദി ഡൽഹിയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. രാജ്യത്തെ 10 കോടി ആദിവാസി സഹോദരന്മാരെ അപമാനിക്കുന്നതാണ് പരാമർശം. രാജ്യത്തെ നിർധനരെ അപമാനിക്കുന്നതാണെന്നും മോദി വിമർശിച്ചു.
കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് പാർലമെന്റിലെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിച്ചത്. വായിച്ചു ക്ഷീണിച്ചു. അവസാനമായപ്പോഴേക്കും സംസാരിക്കാൻ പോലും വയ്യാതായി, കഷ്ടം എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി പറഞ്ഞത്. മടുപ്പിക്കുന്നതാണ് പ്രസംഗമെന്നും ഒരേ കാര്യം തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും പറഞ്ഞ് രാഹുൽ ഗാന്ധിയും സോണിയയെ പിന്തുണച്ചു.
സോണിയയുടെ പരാമർശത്തിനെതിരെ ഭരണപക്ഷ എം.പിമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു ആദിവാസി വനിതയെ ഉൾക്കൊള്ളാൻ കോൺഗ്രസിന്റെ ഫ്യൂഡൽ മനസിന് സാധിക്കുന്നില്ലെന്നും ആദിവാസി വനിത പ്രസിഡന്റാകുമെന്ന് അവർ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ലെന്നും ബി.ജെ.പി വിമർശിച്ചു. മുൻ സർക്കാറുകളേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പ്രസംഗിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.