സംഘർഷമേഖലയിൽ മധുരം വിളമ്പി സൈനികർക്കൊപ്പം മോദിയുടെ ദീപാവലി
text_fieldsശ്രീനഗർ: നുഴഞ്ഞുകയറ്റവും ഭീകരാക്രമണവുംമൂലം കലുഷിതമായ ജമ്മു കശ്മീർ അതിർത്തിയിലെ ഗുരെസ് താഴ്വരയിൽ സൈനികർക്ക് മധുരം വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം. പാക് അധിനിവേശ കശ്മീരിെൻറ വിളിപ്പാടകലെയുള്ള പ്രദേശത്ത് മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് വ്യാഴാഴ്ച രാവിലെ മോദി എത്തിയത്. അതിർത്തി രക്ഷാസേനയിലെയും കരസേനയിലെയും സൈനികർക്കൊപ്പം രണ്ടുമണിക്കൂർ അദ്ദേഹം ചെലവഴിച്ചു.
സൈനികർ തെൻറ കുടുംബമാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാനുള്ള ആഗ്രഹമാണ് തന്നെ ഇവിടെയെത്തിച്ചതെന്നും സൈനികർക്കൊപ്പം ചെലവഴിച്ച സമയം തനിക്ക് നവോന്മേഷം പകർന്നുവെന്നും സന്ദർശനത്തിനുശേഷം മോദി ട്വീറ്റ് ചെയ്തു. ‘‘ഇത്തരം ആഘോഷാവസരത്തിൽ അതിർത്തി സംരക്ഷിക്കുന്ന ധീരജവാന്മാരുടെ സാന്നിധ്യം രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരിൽ കൂടുതൽ ഉൗർജവും പുതുപ്രതീക്ഷയും നിറക്കും’’- ക്യാമ്പിലെ സന്ദർശക പുസ്തകത്തിൽ മോദി കുറിച്ചു. സൈന്യത്തിെൻറ ക്ഷേമപദ്ധതികൾ മെച്ചെപ്പട്ട രീതിയിൽ നടപ്പാക്കുമെന്ന് അദ്ദേഹം സൈനികർക്ക് ഉറപ്പുനൽകി.
കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ‘ഒരു റാങ്ക് ഒരു പെൻഷൻ’ നടപ്പാക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന 2022ലേക്ക് പുതിയ പ്രതിജ്ഞയെടുക്കാൻ ഒാരോ പൗരനും സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ പ്രതികൂല സാഹചര്യം നേരിടാൻ സൈനികർ യോഗ പരിശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈനികസേവനത്തിനുശേഷം നാട്ടിൽ യോഗാധ്യാപകരായി കഴിയാമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സൈനികർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കരസേനമേധാവി ജനറൽ ബിപിൻ റാവത്തും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
തുടർച്ചയായി നാലാമത്തെ വർഷമാണ് മോദി അതിർത്തിയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2014ലാണ് ദീപാവലിക്ക് മോദി ആദ്യം കശ്മീരിലെത്തിയത്. സിയാച്ചിൻ സന്ദർശിച്ച അദ്ദേഹം ജമ്മു^കശ്മീരിന് 570 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു. 2015ൽ പഞ്ചാബിലെ അതിർത്തിയിലും കഴിഞ്ഞവർഷം ഹിമാചൽപ്രദേശ് അതിർത്തിയിലുമാണ് മോദി ദീപാവലി ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.