കുവൈത്തിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു; തീപിടുത്ത ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി മോദി
text_fieldsന്യൂഡൽഹി: കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീപിടുത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 45 പേർ മരിച്ചതായാണ് വിവരം. അഗാധ ദുഖം രേഖപ്പെടുത്തിയ മോദി, മരിച്ചവരുടെ കുടുംബത്തിനൊപ്പമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും പറഞ്ഞു.
‘കുവൈത്തിലുണ്ടായ തീപിടുത്ത ദുരന്തം ദുഖകരമാണ്. മരിച്ചവരുടെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും ദുഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടുത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്’ -മോദി എക്സിൽ കുറിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുയാണെന്നും ദുരിതബാധിതരെ സഹായിക്കാൻ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും നേരത്തെ കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരണസംഖ്യ കൂടാനാണ് സാധ്യത. നിരവധി പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുമെന്നാണ് സൂചന.
ആറു നിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ജോലികഴിഞ്ഞ് റൂമിലെത്തി തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് ദുരന്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ആളുകൾക്ക് ശ്വാസം മുട്ടി. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.