‘ഇന്ത്യ ഇറാനൊപ്പം’; ഇബ്രാഹിം റഈസിയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി മോദി
text_fieldsന്യൂഡൽഹി: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസ് നൽകിയ സംഭാവനകൾ ഓർമിക്കപ്പെടുമെന്ന് മോദി പറഞ്ഞു.
ഞായറാഴ്ച ഹെലികോപ്ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്‍റും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടത്. ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍റെ പ്രസിഡന്‍റ് ഡോ. സെയ്ദ് ഇബ്രാഹിം റഈസിയുടെ ദാരുണ വിയോഗത്തിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും എന്‍റെ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു’ -മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
റഈസിയുടെ മരണത്തിൽ പാകിസ്താൻ ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തികെട്ടി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. പിന്നാലെ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ഇവരെ കൂടാതെ, ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരുമാണ് കൊല്ലപ്പെട്ടത്.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറങ്ങിയത്. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണരും ഹെലികോപ്ടറിൽ കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.