മോദിക്ക് കെജ്രിവാളിന്‍റെ മറുപടി; 'വമ്പൻ വിമാനം വാങ്ങി പാവങ്ങളുടെ സൗജന്യത്തെ വിമർശിക്കുന്നു'
text_fieldsന്യൂഡൽഹി: സൗജന്യം നൽകി വോട്ടുകച്ചവടം നടത്തുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പാവങ്ങൾക്കുള്ള സൗജന്യത്തിന്‍റെ പേരിൽ തന്നെ വിമർശിക്കുന്നവർ, ആയിരക്കണക്കിന് കോടികൾ ചെലവിട്ട് വമ്പൻ വിമാനം വാങ്ങുകയാണ്. കെജ്രിവാൾ ഇതുപോലെ വിമാനം വാങ്ങിയിട്ടില്ലെന്നും തന്‍റെ ബിരുദം വ്യാജമല്ലെന്നും ഒറിജിനലാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് കോടികൾ സ്വന്തം കൂട്ടുകാർക്ക് നൽകുന്നതാണ് അഴിമതി. എല്ലാ സൗകര്യങ്ങളും സൗജന്യമായി തന്‍റെ മന്ത്രിമാർക്ക് കൊടുക്കുന്നു. എന്നിട്ട് ജനങ്ങളോട് സൗജന്യം ചോദിക്കരുതെന്ന് പറയുന്നു. ജനങ്ങൾക്ക് സൗകര്യങ്ങൾ ഒന്നും നൽകാതെ തന്‍റെ കൂട്ടുകാർക്ക് എല്ലാം കൊടുക്കുന്നതാണ് അഴിമതിയുടെ രാഷ്ട്രീയം.
ഡൽഹിയിലെ രണ്ട് കോടി ജനങ്ങളിൽ പണക്കാരനായാലും പാവപ്പെട്ടവനായാലും മുഴുവനാളുകൾക്കും സൗജന്യമാണ് ചികിൽസ. 50 ലക്ഷം രൂപ ചെലവ് ചികിൽസക്ക് വന്നാലും അത് സൗജന്യമാണ്. മൊഹല്ല ക്ലിനിക്കിലും സൗജന്യമാണ്. ഒരപകടം സംഭവിച്ചാൽ അടുത്തുള്ള ആശുപത്രി എത്ര ചെലവേറുന്ന ചികിൽസ നൽകുന്നതാണെങ്കിലും അവിടെ കൊണ്ടുപോകണമെന്നാണ് ഡൽഹി സർക്കാർ പറയുന്നത്. അതിന്‍റെ ചെലവ് സർക്കാർ വഹിക്കും. അപകടത്തിൽപ്പെട്ട 13,000 മനുഷ്യരുടെ ജീവനാണ് ഇങ്ങിനെ രക്ഷിച്ചത്.
ഡൽഹിയിൽ 200 യൂനിറ്റ് വരെയും പഞ്ചാബിൽ 300 യൂനിറ്റ് വരെയും സൗജന്യം നൽകുന്നുണ്ട്. മോദിയുടെ മന്ത്രിമാർക്ക് 4000ഉം 5000ഉം യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമ്പോൾ ശരിയാണ്. എന്നാൽ പാവപ്പെട്ടവർക്ക് 200ഉം 300ഉം യൂനിറ്റ് വൈദ്യുതി നൽകിയാൽ അതിൽ പ്രയാസം തോന്നുന്നു. 70,000 പേർ യോഗക്ക് സൗജന്യപരിശീലനം നൽകുന്നു. 45,000 മുതിർന്ന പൗരന്മാർക്ക് സൗജന്യ തീർഥ യാത്ര നൽകി. അമ്മമാർക്കും പെൺമക്കൾക്കും ഡൽഹിയിൽ യാത്ര സൗജന്യമാക്കുകയാണ് ചെയ്തത്. താൻ പഠിച്ചുവളർന്നവനാണ്. എഞ്ചിനീയറിങ് ബിരുദം നേടി. അക്കൗണ്ടിങ്ങും നിയമവും പഠിച്ചിട്ടുണ്ട്. തന്‍റെ ബിരുദം വ്യാജമല്ല, അസലാണ്. മികച്ച സൗജന്യ വിദ്യാഭ്യാസം നൽകിയത് കൊണ്ടാണ് സ്വകാര്യ സ്കൂളുകളെ പിന്നിലാക്കി സർക്കാർ വിദ്യാലയങ്ങളെ 99 ശതമാനം വിജയത്തിലെത്തിച്ചത്. ഇത്രയൊക്കെ സൗജന്യം നൽകിയിട്ടും ഡൽഹിയിൽ മിച്ച ബജറ്റാണെന്നും 2015 മുതൽ മിച്ച ബജറ്റാണെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.