ജനത കര്‍ഫ്യൂവും കൊറോണ പോരാളികളെ പാത്രം കൊട്ടി ആദരിച്ചതും വരും തലമുറകള്‍ ഓര്‍മിക്കും- മോദി
text_fieldsന്യൂഡല്‍ഹി: ഒന്നാം വാർഷിക വേളയിൽ ജനത കർഫ്യൂവിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ അഭിസംബോധന ചെയ്യുന്ന തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ന്‍റെ 75ാം അധ്യായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ വർഷം മാർച്ചിൽ നമ്മൾ ജനത കര്‍ഫ്യൂ ആചരിച്ചു. ലോകത്തിനാകെ അസാധാരണമായ അച്ചടക്കത്തിന്‍റെ ഉദാഹരണമായി അത് മാറി. ജനത കര്‍ഫ്യൂവും പാത്രംകൊട്ടി കൊറോണ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചതും വരുംതലമുറകള്‍ ഓര്‍മിക്കും' -പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ 109 വയസ്സുള്ള സ്ത്രീ വാക്‌സിന്‍ സ്വീകരിച്ചു. അതുപോലെ ഡല്‍ഹിയില്‍ 107 വയസ്സുള്ളയാളും സ്വമേധയാ വാക്‌സിന്‍ സ്വീകരിച്ചു. 'ദവായ് ഭി ഓർ കദായ് ഭി' (മരുന്നുമുണ്ട് കരുതലുമുണ്ട്) എന്ന ഇന്ത്യയുടെ മന്ത്രത്തിനോട് എല്ലാവർക്കും പ്രതിബദ്ധതയുണ്ടായിരിക്കണം'- മോദി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണമെന്‍റില്‍ വെള്ളി നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. മാര്‍ച്ചില്‍ വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ഒട്ടേറെ വനിതാ താരങ്ങള്‍ റെക്കോഡുകളും മെഡലുകളും നേടിയതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളുണ്ടാക്കുന്ന കൊച്ചി സെന്‍റ് തെരേസാസ് കോളജിലെ വിദ്യാർഥി കൂട്ടായ്മയെയും മോദി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.