മോദിയെ 'മൈൻഡ്' ചെയ്യാതെ കെ.സി.ആർ; സ്വീകരിക്കാനുമെത്തിയില്ല, പരിപാടികളിലും പങ്കെടുത്തില്ല
text_fieldsഹൈദരാബാദ്: തെലങ്കാന സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി മോദിയെ പൂർണമായി ഒഴിവാക്കി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. സമത്വ പ്രതിമ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനും ഐ.സി.ആർ.ഐ.എസ്.എ.ടിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിടുന്നതിനുമായി ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെ.സി.ആര്‍) വിമാനത്താവളത്തിൽ സ്വീകരിച്ചില്ല. മാസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് കെ.സി.ആര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരിക്കുന്നത്. ഇതോടൊപ്പം മോദി പങ്കെടുക്കുന്ന എല്ലാ പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കിയിട്ടുണ്ട്. പനിയുള്ളതിനാൽ പ്രധാനമന്ത്രിയുടെ പരിപാടികളിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
കെ.സി.ആറിന്റെ നടപടിയെ വിമർശിച്ച് തെലങ്കാന ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി ഭരണഘടനയെ നിരന്തരം അപമാനിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 11–ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്കർത്താവുമായ രാമാനുജാചാര്യയുടെയാണ് ഹൈദരാബാദിലെ 216 അടി ഉയരമുള്ള പ്രതിമ.
നേരത്തേ മോദിയുടെ ഡ്രസ് കോഡിനെ പരിഹസിച്ച് കെ.സി.ആർ രംഗത്ത് എത്തിയിരുന്നു. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണ് മോദിയിപ്പോൾ വസ്ത്രം ധരിക്കുന്നതെന്ന് കെ.സി.ആർ പറഞ്ഞു. കേന്ദ്ര ബജറ്റിനെയും അദ്ദേഹം വിമർശിച്ചു. ദാരുണവും കുഴപ്പം നിറഞ്ഞതുമായ ബജറ്റാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'തെരഞ്ഞെടുപ്പ് അടുത്താൽ താടി നീട്ടി വളർത്തി രവീന്ദ്രനാഥ് ടാഗോറിനെ പോലെ പ്രത്യക്ഷപ്പെടും. ഇനി തമിഴ്നാട്ടിലാണെങ്കിൽ ലുങ്കി ധരിച്ചായിരിക്കും എത്തുക. പഞ്ചാബിലാണെങ്കിൽ തലപ്പാവും മണിപ്പൂരിൽ അവരുടെ തൊപ്പിയും മോദി ധരിക്കും. എന്താണിത്...! ഇതുപോലുള്ള കൺകെട്ട് വിദ്യകൾ കൊണ്ട് രാജ്യത്തിന് എന്താണ് ഗുണമുള്ളത്..? -കെ.സി.ആർ ചോദിച്ചു. മോദിയുടെ ഭരണമികവായി ഉയർത്തിക്കാട്ടുന്ന 'ഗുജറാത്ത് മോഡലി'നെയും അദ്ദേഹം പരിഹസിച്ചു. അതെല്ലാം പുറംമോടി മാത്രമാണെന്നും അകത്തൊന്നുമില്ലെന്നാണ് കെ.സി.ആർ പറഞ്ഞത്.
സമൂഹമാധ്യമങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് നുണകൾ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ആളുകളെ ഇതുവരെ വിഡ്ഢികളാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം വെളിച്ചത്തായിരിക്കുകയാണ്. അവര്‍ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സി.ആർ തുറന്നടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.