തമിഴ്‌നാട്ടിലെ പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത് മോദി; വിട്ടുനിന്ന് സ്റ്റാലിൻ
text_fieldsരാമേശ്വരം: രാമേശ്വരം ദ്വീപിനും തമിഴ്നാടിനും ഇടയിൽ റെയിൽ ബന്ധം സ്ഥാപിക്കുന്ന പുതിയ പാമ്പൻ കടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാമേശ്വരം-താംബരം (ചെന്നൈ) എന്ന പുതിയ ട്രെയിൻ സർവിസും മോദി ഉദ്ഘാടനം ചെയ്തു. പാലത്തിനടിയിലൂടെ കടന്നുപോയ ഒരു കോസ്റ്റ് ഗാർഡ് കപ്പലിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു.
അതിർത്തി നിർണയ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരത്തെ നിശ്ചയിച്ച ഔദ്യോഗിക കാര്യങ്ങൾ മൂലം ചടങ്ങിനെത്തിയില്ല. പാലത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നത് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഞായറാഴ്ച മലയോര പട്ടണമായ ഉദഗമണ്ഡലത്തിലായിരുന്നു. നിർദിഷ്ട അതിർത്തി നിർണയ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആശങ്കകൾ പ്രധാനമന്ത്രി മോദി ഇല്ലാതാക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.
550 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച പുതിയ പാലം ഇന്ത്യയിലെ ആദ്യത്തെ ലംബ സീ ലിഫ്റ്റ് പാലമാണ്. 2.08 കിലോമീറ്റർ രൂരമുള്ള പാലത്തിൽ 99 സ്പാനുകളും 72.5 മീറ്റർ നീളമുള്ള ലംബ ലിഫ്റ്റ് സ്പാനും ഉൾപ്പെടുന്നു. ഇതുപയോഗിച്ച് പാലം 17 മീറ്റർ വരെ ഉയർത്താൻ കഴിയും. ഇത് വലിയ കപ്പലുകളുടെ സുഗമമായ കടന്നുപോകലിനും തടസ്സമില്ലാത്ത ട്രെയിൻ പ്രവർത്തനങ്ങൾക്കും സഹായമാകും.
രാജ്യമെമ്പാടുമുള്ള ഭക്തർ വർഷം മുഴുവനും എത്തുന്ന തീർഥാടന കേന്ദ്രമാണ് രാമേശ്വരം. പുതിയ പാലം കമീഷൻ ചെയ്തതോടെ മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ രാമേശ്വത്തുനിന്ന് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, സംസ്ഥാന ധനമന്ത്രി തങ്കം തെന്നരസു തുടങ്ങിയവർ സന്നിഹിതരായിരുന്നു. ശ്രീലങ്കയിൽ നിന്ന് എത്തിയ മോദിയെ രവി, തമിഴ്‌നാട് ധനമന്ത്രി തങ്കം തേനരസു, കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ, ബി.ജെ.പി തമിഴ്‌നാട് യൂനിറ്റ് മേധാവി കെ അണ്ണാമലൈ, എച്ച്. രാജ, വനതി ശ്രീനിവാസൻ തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കൾ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.