രാജ്യത്തെ റെയിൽ സംവിധാനങ്ങൾ വികസിക്കുന്നില്ലെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ
text_fieldsന്യൂഡൽഹി: രാജ്യത്തെ റെയിൽ സംവിധാനങ്ങൾ വികസിക്കുന്നില്ലെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്, ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികളെയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും പ്രശംസിച്ച് സംസാരിക്കുമ്പോഴാണ് റെയിൽവെ സംവിധാനം ശരിയായി കൈകാര്യം ചെയ്യാത്തതിനെ കുറിച്ച് ശ്രീധരൻ പറഞ്ഞത്.
"സ്വാതന്ത്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് അഭിയാന്‍ വഴി പത്ത് കോടി ശൗചാലയങ്ങൾ രാജ്യത്ത് പുതിയതായി നിർമിച്ചു. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായി ആയുധങ്ങളുടെ ഇറക്കുമതി കുറക്കുവാനും പദ്ധതികൾ വരുന്നുണ്ട്. പക്ഷെ റെയിൽ ഗതാഗത സംവിധാനങ്ങളിൽ മാത്രം വേണ്ട പരിഗണനകൾ കിട്ടുന്നില്ല" ഇ. ശ്രീധരൻ പറഞ്ഞു.
റെയിൽവെ വകുപ്പിൽ റിക്രൂട്ട്‍മെന്‍റ്, പരിശീലനം റെയിൽവെ മാനേജ്മെന്‍റ്, സേവനങ്ങൾ തുടങ്ങിയവ എല്ലാം ഇന്ത്യൻ റെയിൽവെ സർവീസ് എന്ന ഒറ്റ വകുപ്പിന് കീഴിൽ കൊണ്ടുവരുന്നത് ഗുണം ചെയ്യില്ല. റെയിൽവെ ബോർഡ് പരിഷ്കരിച്ചതും പ്രത്യേക ബജറ്റ് ഒഴിവാക്കിയതും തിരിച്ചടികളാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2008 ൽ കൊണ്ടുവന്ന ചരക്ക് ഗതാഗത ഇടനാഴിയുടെ നിർമാണം ശ്രീധരൻ എതിർത്തിരുന്നതാണ്. പുതിയതായി വരുന്ന കത്ര-ബനിഹൽ റെയിൽപാതയിലും അദ്ദേഹം അപാകതകൾ ചൂണ്ടിക്കാട്ടി.
ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കാൻ സ്വീകരിക്കുന്ന മറ്റ് മാർഗങ്ങളും ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന രീതികളും, ഭക്ഷ്യസുരക്ഷയിൽ വരുത്തിയ നേട്ടങ്ങളും അദ്ദേഹം എടുത്ത് പറഞ്ഞെങ്കിലും വിലക്കയറ്റം, മാലിന്യ സംസ്കരണം എന്നതിൽ വേണ്ട പുരോഗമനം ഇന്ത്യക്കുണ്ടായിട്ടില്ലെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.