എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ ഐ.ഡി; ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsന്യൂഡൽഹി: രാജ്യത്ത് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. എല്ലാ ഇന്ത്യക്കാരനും പ്രത്യേക ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതാണ് പദ്ധതി.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ മൂന്നാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ദേശീയതലത്തിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് തുടക്കം കുറിക്കുന്നത്. 2020 ആഗസ്റ്റ് 15ന് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്‍റെ പൈലറ്റ് പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി
പദ്ധതിയിലൂടെ ഓരോ പൗരനും ഒരു ആരോഗ്യ ഐ.ഡി നൽകും. അത് അവരുടെ ആരോഗ്യവിവരങ്ങൾ അടങ്ങിയ അക്കൗണ്ടായിരിക്കും. ഇതിലേക്ക് വ്യക്തിഗത, ആരോഗ്യ രേഖകൾ ബന്ധിപ്പിക്കും. ഇത് മൊബൈൽ ആപ്ലിക്കേഷന്‍റെ സഹായത്തോടെ കാണാനാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു.
ഹെൽത്ത് കെയർ പ്രഫഷനൽസ് രജിസ്ട്രി, ഹെൽത്ത് കെയർ ഫെസിലിറ്റീസ് രജിസ്ട്രി എന്നിവ ഇതിന്‍റെ ഭാഗമാകും. എല്ലാ ആരോഗ്യസേവന കേന്ദ്രങ്ങളിലും ഇവ ലഭ്യമാകുകയും ഡോക്ടർമാർ/ ആശുപത്രികൾ, ആരോഗ്യ പരിപാലന സേവന ദാതാക്കൾ തുടങ്ങിയവ ഇതിന്‍റെ ഭാഗമാകുകയും ചെയ്യും.
രാജ്യത്തെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ ആരോഗ്യരംഗത്തെ സേവനങ്ങൾ ലഭിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം.
14 അക്ക തിരിച്ചറിയൽ നമ്പറാണ് ഡിജിറ്റൽ ആരോഗ്യ െഎ.ഡിയായി പ്രവർത്തിക്കുക. ഇതിലേക്ക് ആശുപത്രിയിൽ എത്തുന്നതിന്‍റെയും പരിശോധനകൾ നടത്തുന്നതിന്റെയും വിവരങ്ങളും പരിശോധന ഫലങ്ങളും ഡോക്ടറുടെ നിഗമനങ്ങളും കൂട്ടിച്ചേർക്കും. വ്യക്തികൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും ഒരുപോലെ ഇവ ഉപയോഗിക്കാനാകും. കൂടാതെ എളുപ്പത്തിൽ ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ ലഭ്യമാകും. അതേസമയം ആധാറുമായി ഇവ ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്നാണ് കേന്ദ്രസർക്കാറിന്‍റെ നിലവിലെ അറിയിപ്പ്.
ജൻധൻ, ആധാർ, മൊബൈൽ, സർക്കാറിന്‍റെ മറ്റ് ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഡേറ്റയും വിവരങ്ങളും നൽകിയാണ് ഓൺലൈൻ പ്ലാറ്റ്ഫോം സൃഷ്ടിക്കുക. അടിസ്ഥാന സൗകര്യ സേവനങ്ങൾ, ഓപ്പൺ, സ്റ്റാൻഡേന്‍ഡ് അധിഷ്ഠിത ഡിജിറ്റൽ സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. കൂടാതെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, രഹസ്യസ്വഭാവം, സ്വകാര്യത തുടങ്ങിയ സംരക്ഷിക്കുമെന്നും പറയുന്നു. പൗരന്മാരുടെ രേഖാമൂലമുള്ള ആരോഗ്യ രേഖകൾ അവരുടെ സമ്മതത്തോടെ കൈമാറ്റം ചെയ്യാനും പ്രാപ്യമാക്കാനും മിഷൻ സഹായിക്കുമെന്നും കേന്ദ്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.