മീററ്റിൽ കായിക സർവകലാശാലക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
text_fieldsമീററ്റ്: മേജർ ധ്യാൻചന്ദ് കായിക സർവകലാശാലക്ക് ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. സര്‍വകലാശാല ഇന്ത്യൻ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി മുടക്കിയാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള കായികപരിശീലന സൗകര്യമൊരുക്കലാണ് സർവകലാശാലയുടെ ലക്ഷ്യം. സിന്തറ്റിക് ഹോക്കി മൈതാനത്തിനൊപ്പം, ഫുട്ബാള്‍, ബേസ്ബാള്‍, വോളിബാള്‍, ഹാന്‍ഡ്ബാള്‍, ടെന്നിസ്, കബഡി മൈതാനങ്ങളും ജിംനേഷ്യം, നീന്തല്‍ക്കുളം, സൈക്ലിങ് ട്രാക്ക്, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഷൂട്ടിങ്, സ്ക്വാഷ്, ഭാരോദ്വഹനം, ആര്‍ച്ചറി, കയാക്കിങ് തുടങ്ങിയവക്കുള്ള വിപുലമായ സൗകര്യങ്ങളും സർവകലാശാലയില്‍ ഒരുക്കും.
540 വീതം പുരുഷ, വനിത താരങ്ങളെ ഒരേസമയം പരിശീലിപ്പിക്കാൻ സൗകര്യമുണ്ടാകും. യോഗി സർക്കാര്‍ വരുംമുമ്പ് യു.പിയില്‍ ക്രിമിനലുകളുടെയും ഗുണ്ടകളുടെയും വിളയാട്ടമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരെയെല്ലാം ജയിലിലടച്ചുള്ള കളിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കളിക്കുന്നത്. യുവാക്കള്‍ മറ്റേതൊരു തൊഴില്രംഗത്തെയുംപോലെ കായികരംഗത്തെയും കാണണം. അതാണ് ആഗ്രഹവും സ്വപ്നവും -മോദി കൂട്ടിച്ചേര്‍ത്തു.
1857ലെ ഒന്നാം സ്വാതന്ത്ര്യസമര നായകൻ മംഗൽ പാണ്ഡെയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. തുടർന്ന് കാളി ക്ഷേത്രവും സൈനിക സ്മാരകങ്ങളും അദ്ദേഹം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.