'ചന്ദ്രയാൻ-3 നേട്ടം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ അഭിമാനം' -പ്രധാനമന്ത്രി
text_fieldsബംഗളൂരു: ചന്ദ്രയാൻ-3യുടെ ചരിത്രനേട്ടത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി. ഗ്രീസ് സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്. എച്ച്.എ.എൽ വിമാനത്താവളത്തിന് പുറത്ത് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു.
ബഹിരാകാശത്തെ ഇന്ത്യൻ നേട്ടത്തിന് പിന്നിൽ ശാസ്‍ത്രഞ്ജരുടെ സമർപ്പണമെന്ന് മോദി അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരുടെ നേട്ടത്തിൽ രാഷ്ട്രം അഭിമാനിക്കുന്നു. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന് മുഴുവൻ അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചതെന്നും മോദി പറഞ്ഞു.
ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ കാണാനാണ് മോദിയെത്തിയത്. ചന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ മോദി ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലായിരുന്നു.
ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ ബംഗളൂരുവിൽ പോയി ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിക്കാൻ ഞാൻ തീരുമാനിച്ചതായും മോദി വ്യക്തമാക്കി. ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് എന്നിവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. തന്നെ സ്വീകരിക്കാനായി പുലർച്ചെ എഴുന്നേറ്റ് ബുദ്ധിമുട്ടേണ്ട എന്ന് കർണാടകയിലെ നേതാക്കളോട് അഭ്യർഥിച്ചതായി മോദി പറഞ്ഞു. കാരണം എപ്പോഴാണ് ഞാൻ ബംഗളൂരുവിൽ എത്തുക എന്ന് പറയാനാകുമായിരുന്നില്ല. അതിനാൽ മുഖ്യമന്ത്രിയോടും ഗവർണറോടും ഉപമുഖ്യമന്ത്രിയോടും വെറുതെ ബുദ്ധിമുട്ടേണ്ട എന്ന് അഭ്യർഥിച്ചിരുന്നു.-മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.