ലോക്സഭ തെരഞ്ഞെടുപ്പ്, മന്ത്രിസഭ പുനഃസംഘടന; പ്രധാനമന്ത്രിയുടെ വസതിയിൽ ബി.ജെ.പി നേതാക്കളുടെ യോഗം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതയിൽ ബി.ജെ.പി നേതാക്കളുടെ അടിയന്തര യോഗം. ബുധനാഴ്ച രാത്രിയാണ് യോഗം ചേർന്നത്. 2024ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് തന്ത്രങ്ങളൊരുക്കുകയാണ് യോഗത്തിന്റെ മുഖ്യ ലക്ഷ്യം. നരേന്ദ്ര മോദിയെ കുടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള മന്ത്രിസഭ പുനഃസംഘടനയും യോഗത്തിൽ ചർച്ചയായെന്നാണ് വിവരം. ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങിവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് യോഗം നടന്നത്. അഞ്ചുമണിക്കൂറോളം യോഗം നീണ്ടുനിന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ഏകസിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മോദി പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം. കർണാടകയിൽ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ 2023 അവസാനം നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് സജ്ജമാവുക എന്നതാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മധ്യപ്രദേശിൽ മാത്രമാണ് ബി.ജെ.പി അധികാരത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.