മോദിക്ക് ‘മൻ കി ബാത്തി’ൽ ആവേശം, ‘കാം കി ബാത്ത്’ അറിയില്ല -രാഹുൽ
text_fieldsന്യൂഡൽഹി: തന്റെ ‘മൻ കി ബാത്തി’ൽ അഭിനിവേശം കാണിക്കുന്ന മോദി ഒരിക്കലും ‘കാം കി ബാത്തി’ൽ (തൊഴിലില്ലായ്മയുടെ കാര്യത്തിൽ) ശ്രദ്ധ കാണിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മുവിലെ പൂഞ്ചിലും ശ്രീനഗറിലും നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ മോദി ദുർബലനായ നേതാവാണെന്നും രാഹുൽ ആവർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി മാനസികമായി തകർന്നിരിക്കുകയാണ്. തന്റെ പാർട്ടിയെയും സഖ്യകക്ഷിയായ നാഷനൽ കോൺഫറൻസിനെയും പാകിസ്താന്റെ അജണ്ടയോടെ പ്രവർത്തിക്കുന്ന ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ മാസം ജമ്മു കശ്മീരിലെ രാഹുലിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. അമിത് ഷായും മറ്റ് മുതിർന്ന മന്ത്രിമാരും ഒന്നിലധികം യാത്രകൾ നടത്തി. മോദിയും രണ്ട് തവണ ജമ്മു കശ്മീർ സന്ദർശിച്ചു.
‘അദ്ദേഹം (മോദി) നീണ്ടതും അർഥശൂന്യവുമായ പ്രസംഗങ്ങൾ നടത്തുന്നു. തന്റെ ‘മൻ കി ബാത്തി’നെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, തൊഴിലില്ലായ്മ ഇല്ലാതാക്കാനും പണപ്പെരുപ്പം കുറക്കാനും യുവാക്കൾക്ക് കാഴ്ചപ്പാട് നൽകാനും ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകാനുമുള്ള ‘കാം കി ബാത്തൊ’ന്നും അറിയില്ല. ഇക്കാര്യങ്ങളെ കുറിച്ച് മോദി സംസാരിക്കില്ല. അദ്ദേഹം 24 മണിക്കൂറും ‘മൻ കി ബാത്തി’നെക്കുറിച്ച് സംസാരിക്കുന്നു. ഇന്ന് ഇത് കേൾക്കാൻ ആരും തയാറല്ലെന്നും രാഹുൽ ശ്രീനഗറിലെ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ അദ്ദേഹം നെഞ്ച് വിരിച്ച് സംസാരിക്കുമായിരുന്നു. എന്നാൽ, മോദിയുടെ മനഃശക്തി തകർക്കാൻ ഇൻഡ്യാ സംഖ്യത്തിന് കഴിഞ്ഞു. മോദിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
‘അദ്ദേഹം പഴയ മോദിയല്ല. ലോക്‌സഭയിൽ ഞാൻ അദ്ദേഹത്തെ വളരെ അടുത്ത് കാണുന്നു. ആളുകൾ അദ്ദേഹത്തെ ദൂരെ നിന്ന് കാണുന്നു. അദ്ദേഹത്തിന്റെ മാനസികാവസ്ഥ മാറി. മുഖം മാറി. ഇതിന്റെ ക്രെഡിറ്റ് ‘ഇൻഡ്യാ’ കൂട്ടുകെട്ടിനാണ്. പുറത്തുനിന്നുള്ളവരാണ് ജമ്മു കശ്മീരിനെ നിയന്ത്രിക്കുന്നതെന്ന പൊതുവായ പരാതിയും കോൺഗ്രസ് നേതാവ് ആവർത്തിച്ചു. ‘അദ്ദേഹം (മോദി) ജമ്മു കശ്മീരിലെ നിങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ മാത്രമല്ല കവർന്നെടുത്തത്. മുമ്പ്, നിങ്ങളുടെ വികസനം, സർവകലാശാലകൾ, കോളജുകൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും നിങ്ങൾ തന്നെ എടുക്കുമായിരുന്നു. എം.എൽ.എമാരെ തെരഞ്ഞെടുത്ത് നിങ്ങൾ അത് സ്വയം ചെയ്യുമായിരുന്നു. ഇന്ന് പുറത്തുള്ളവരാണ് നിങ്ങളുടെ തീരുമാനങ്ങൾ എടുക്കുന്നത്. അവർ ഒരു രാജാവിനെ സ്ഥാപിച്ചു. ലെഫ്റ്റനന്‍റ് ഗവർണർ ഒരു രാജാവാണ്. അദ്ദേഹം ജമ്മു കശ്മീരിൽ നിന്നുള്ള ആളല്ല, വിദേശിയാണ്. ഈ മനുഷ്യന് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ഒരു വികസന പ്രവർത്തനവും ചെയ്യാൻ കഴിയില്ലെ’ന്നും രാഹുൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന പദവി വേണമെന്നാണ് തന്റെ പാർട്ടി ആഗ്രഹിച്ചതെന്നും എന്നാൽ അത് നടക്കാത്തതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എത്രയും വേഗം അത് നടപ്പാക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ പറഞ്ഞു. സെപ്റ്റംബർ 25നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ശ്രീനഗർ ഉൾപ്പെടെ സെൻട്രൽ കശ്മീരിലെ 15 മണ്ഡലങ്ങളിലും ജമ്മുവിലെ 11 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ബുദ്ഗാം, ഗന്ദർബാൽ എന്നിവിടങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.