75ാം ചരമവാർഷിക ദിനത്തിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി മോദി
text_fieldsന്യൂഡൽഹി: 75ാം രക്തസാക്ഷി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. രാജ്ഘട്ടിലെ ഗാന്ധിസ്മാരകത്തിൽ എത്തിയാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദരമർപ്പിച്ചത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ലോക്സഭ സ്പീക്കർ ഓം ബിർല, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരും മഹാത്മ ഗാന്ധിക്ക് ആദരമർപ്പിച്ചു.
''ഗാന്ധിജിക്ക് അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ ആദരാഞ്ജലിയർപ്പിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങളെയും സ്മരിക്കുന്നു. നമ്മുടെ രാഷ്ട്രത്തിനായി രക്തസാക്ഷിത്വം വരിച്ച എല്ലാവരെയും ഈയവസരത്തിൽ ഓർക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. അതാണ് നമ്മുടെ രാജ്യത്തെ കരുത്തോടെ മുന്നോട്ട് നയിക്കുന്നത്''-എന്നാണ് മോദി ട്വീറ്റ് ചെയ്തത്.
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രാജ്ഘട്ടിൽ പ്രത്യേക പ്രാർഥനയും ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്തിഗാനങ്ങളും ഉണ്ടായിരുന്നു. സ്മാരകത്തിൽ ആചാരവെടി മുഴക്കി. മഹാത്മാവിന് ആദരാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ രാജ്ഘട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.