ഹൈദരാബാദിനെ 'ഭാഗ്യനഗർ' ആക്കി മോദി; ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ യോഗിയുടെ ദർശനം
text_fieldsഹൈദരാബാദ്: തെലങ്കാന സംസ്ഥാനം പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി മസ്ജിദ്-മന്ദിർ വിഷയം ഉയർത്തിക്കൊണ്ടുവന്നേക്കാമെന്ന സൂചന നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചാർമിനാറിന് ഓരത്തെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തി. ദേശീയ നിർവാഹക സമിതിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആകട്ടെ ഹൈദരാബാദിനെ 'ഭാഗ്യനഗർ' എന്ന് വിളിക്കുകയും ചെയ്തു.
വൈകീട്ട് ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളും ഹൈദരാബാദ് എന്നതിന് പകരം ഭാഗ്യനഗർ എന്ന് വിളിച്ചു. ഭാഗ്യനഗർ ബി.ജെ.പിക്കും അതിന്റെ പ്രവർത്തകർക്കും ഏറെ നിർണായകമാണെന്ന് നിർവാഹക സമിതിയിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു. ഭാഗ്യനഗറിനെ ഇന്ത്യയോട് ചേർത്തു നിർത്തിയത് സർദാർ വല്ലഭായ് പട്ടേലാണെന്നും കോൺഗ്രസുകാരനായ ആ പട്ടേലിനെ ആദരിച്ചത് ബി.ജെ.പിയാണെന്നും മോദി പറഞ്ഞു.
ബി.ജെ.പി ഭരണത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതിനിടയിലാണ് നഗരത്തെ ഭാഗ്യനഗറെന്ന് വിശേഷിപ്പിച്ചത്. അതേസമയം, റാലിയിൽ മോദി ഹൈദരാബാദ് എന്ന് ആവർത്തിച്ച് ഉപയോഗിക്കുന്നുണ്ടായിരുന്നു. ചരിത്ര പ്രസിദ്ധമായ ചാർമിനാറിന്റെ തെക്ക് കിഴക്ക് മൂലയിൽ സ്ഥാപിച്ച പ്രതിഷ്ഠയും ക്ഷേത്രവും ഹൈദരാബാദിലെ ദേശീയ നിർവാഹക സമിതിയോടനുബന്ധിച്ച് മന്ദിർ -മസ്ജിദ് വിഷയമാക്കി മാറ്റുമെന്ന് തെലങ്കാന നേതാക്കൾ വ്യക്തമാക്കിയിരുന്നു.
മുതിർന്ന ബി.ജെ.പി നേതാക്കൾ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലെത്തുമെന്ന് കേട്ട് വൻ സുരക്ഷ സന്നാഹമാണ് ചാർമിനാറിനും പരിസരത്തും ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച ദേശീയ നിർവാഹക സമിതി തുടങ്ങുന്നതിന് മുമ്പേ രാവിലെ തന്നെ യോഗി ആദിത്യനാഥ് ചർമിനാറിലെത്തി ക്ഷേത്രദർശനം നടത്തി. ദേശീയ നിർവാഹക സമിതിക്ക് വരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭാഗ്യലക്ഷ്മി ക്ഷേത്രം സന്ദർശിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.