വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി; ‘എസ്.സി-എസ്.ടി സംവരണം വെട്ടിക്കുറച്ച് മുസ്‍ലിംകൾക്ക് നൽകാൻ കോൺഗ്രസ് ശ്രമിച്ചു’
text_fieldsജയ്പൂർ: ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ തിരിച്ചടി മണത്ത ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച് മുസ്‍ലിംകൾക്കെതിരായ വർഗീയ പരാമർശം തുടരുന്നു. കഴിഞ്ഞദിവസം തുടങ്ങിയ വിദ്വേഷ വിഷം ചീറ്റൽ രാജസ്ഥാനിലെ പ്രചാരണത്തിൽ മൂന്നാംദിനവും മോദി ആവർത്തിച്ചു. പട്ടികജാതി-വർഗ വിഭാഗത്തിന്റെ സംവരണം തട്ടിയെടുത്ത് മുസ്‍ലിംകൾക്ക് നൽകാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് ടോങ്കിൽ നടന്ന പ്രചാരണറാലിയിൽ അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഭരണത്തിന് കീഴിൽ ഒരാൾക്ക് സ്വന്തം വിശ്വാസംപോലും പിന്തുടരാൻ പറ്റാതായി. കർണാടകയിൽ ഹനുമാൻ ചാലിസ ശ്രവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ജനങ്ങളുടെ സ്വത്തും പണവും തട്ടിയെടുത്ത് ചില ആളുകൾക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ഗൂഢാലോചനയെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.
2004ൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാമേറ്റയുടൻ ചെയ്തത് ആന്ധ്രപ്രദേശിലെ പട്ടികജാതി-വർഗ സംവരണം വെട്ടിക്കുറച്ച് മുസ്‍ലിംകൾക്ക് നൽകലാണ്. രാജ്യമാകെ നടപ്പാക്കാനുള്ള പൈലറ്റ് പദ്ധതിയായിരുന്നു ഇത്. 2004നും 2010നുമിടയിൽ ആന്ധ്രയിൽ നാലുതവണ മുസ്‍ലിം സംവരണം നടപ്പാക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും നിയമനൂലാമാലകളും സുപ്രീംകോടതി ഇടപെടലും തടസ്സമായി. 2011ൽ രാജ്യമാകെ നടപ്പാക്കാൻ ശ്രമം നടത്തി. പട്ടികജാതി- വർഗ, ഒ.ബി.സി വിഭാഗത്തിന്റെ സംവരണം തട്ടിയെടുത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചു. കർണാടകയിൽ ബി.ജെ.പിക്ക് അധികാരം കിട്ടിയപ്പോൾ ആദ്യം ചെയ്തത് മുസ്‍ലിം ക്വോട്ട എടുത്തുകളയലാണ്. സംവരണത്തിനുള്ള ഭരണഘടന പരിധി 2020ൽ അവസാനിച്ചതായും ദലിതുകൾക്കും ഗോത്രവർഗക്കാർക്കും 10 വർഷംകൂടി നീട്ടിനൽകുകയാണെന്നും മോദി പറഞ്ഞു.
ദലിതുകളുടെയും പിന്നാക്ക ഗോത്രവർഗക്കാരുടെയും സംവരണം മതത്തിന്റെ പേരിൽ പങ്കുവെക്കാൻ അനുവദിക്കില്ലെന്ന ഗാരന്റി താൻ നൽകുന്നു. ഭരണഘടനയെയും ശിൽപി അബേദ്കറിനെയും മാനിക്കുന്നയാളാണ് താൻ. എന്നാൽ, കോൺഗ്രസ് ഭരണഘടനക്ക് വിലകൽപിക്കുന്നില്ല. എല്ലായ്പോഴും പ്രീണന രാഷ്ട്രീയവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് അവർ പിന്തുടർന്നിട്ടുള്ളത്. സ്വത്തിന്റെയും സമ്പത്തിന്റെയും സർവേ നടത്തി പിടിച്ചെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്നാണ് പ്രകടനപത്രികയിൽ എഴുതിവെച്ചിട്ടുള്ളത്. ഈ രഹസ്യ അജണ്ട വെളിവാക്കിയപ്പോൾ കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും വിറളിപിടിച്ചിരിക്കുകയാണ്.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഹനുമാൻ ചാലിസ ശ്രവിച്ചതിന് കടയിലെ ജീവനക്കാരനെ തല്ലിച്ചതച്ചു. രാജസ്ഥാനിൽ കോൺഗ്രസ് ഭരിക്കുമ്പോൾ രാംനവമി ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവർക്ക് സംരക്ഷണം നൽകി. എന്നാൽ, ബി.ജെ.പി അധികാരമേറ്റശേഷം ഒരാൾക്കും ഇങ്ങനെ ചെയ്യാൻ ധൈര്യം വന്നിട്ടില്ലെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.