കോവിഡ് സഹായം വേണമെന്ന് പ്രതിപക്ഷം; പി.എം കിസാൻ ഗഡു ചടങ്ങുമായി മോദി
text_fieldsന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ ദുർബല ജനങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയതിനിടയിൽ പി.എം കിസാൻ ഗഡു വിതരണത്തിന് പ്രത്യേക ചടങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മൂന്നു ഗഡുക്കളായി പ്രതിവർഷം 6000 രൂപ കർഷകർക്ക് നൽകുന്ന പി.എം കിസാൻ പദ്ധതി പ്രകാരമുള്ള 2000 രൂപയുടെ എട്ടാം ഗഡുവാണ് മോദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വിതരണം ചെയ്തത്. 9.5 കോടി കർഷകർക്കായി 20,667 കോടി രൂപ ഇതനുസരിച്ച് വിതരണം ചെയ്തതായി സർക്കാർ വിശദീകരിച്ചു.
കോവിഡ് പ്രതിസന്ധിമൂലം തൊഴിലില്ലാതായവർക്ക് പ്രതിമാസം 6000 രൂപവീതം നൽകാൻ സർക്കാർ തയാറാകണമെന്ന് 12 പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചത് കഴിഞ്ഞ ദിവസമാണ്.
കോവിഡിനും മുേമ്പ ആവിഷ്കരിച്ച പി.എം കിസാൻ പദ്ധതിപ്രകാരം സർക്കാർ ഇപ്പോൾ നൽകുന്നതാകട്ടെ, മൂന്നുമാസത്തേക്ക് ആകെ 2000 കോടി രൂപ. ഇത് തൊഴിൽരഹിതരായവർക്കുള്ള സമാശ്വാസമല്ല, കർഷകരിൽ നാമമാത്രമായവർക്കുള്ള സഹായ വിതരണമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി, 2018 ഡിസംബർ മുതൽ പ്രാവർത്തികമായ പി.എം കിസാൻ പദ്ധതി പ്രകാരം ഇതുവരെ 1.35 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചു. ഇതിൽ 60,000 കോടിയും കോവിഡ് കാലത്താണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.