ദലിത്,ആദിവാസി,ഒ.ബി.സി വിഭാഗങ്ങളുടെ പാതയിലെ മതിൽ മോദിയും ആർ.എസ്.എസും ശക്തിപ്പെടുത്തുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളുടെ പാതയിൽ നിൽക്കുന്ന മതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസും ശക്തിപ്പെടുത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്റിന്റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’ എന്ന് ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ മുഴുവൻ സംവിധാനവും ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും എതിരാണെന്ന് പറഞ്ഞ അദ്ദേഹം ദലിതുകളുടെയും ആദിവാസികളുടെയും ഒ.ബി.സികളുടെയും പാതയിൽ ഒരു മതിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നും മോദിയും ആർ.എസ്.എസും ആ മതിൽ ‘സിമന്‍റ് ചേർത്ത്’ ശക്തിപ്പെടുത്തുകയാണെന്നും പറഞ്ഞു.
നേരത്തെ യു.പി.എ സർക്കാർ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം, ഭക്ഷണത്തിനുള്ള അവകാശം തുടങ്ങിയവയൊക്കെ ആ മതിലിനെ ദുർബലപ്പെടുത്താനുള്ള വഴികളായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ യു.പി.എ സർക്കാർ മതിലിനെ ബലപ്പെടുത്തിയിട്ടില്ലെന്ന് എനിക്ക് പറയാൻ കഴിയും. ഞങ്ങൾ ആ മതിൽ ദുർബലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ബി.ജെ.പി കോൺക്രീറ്റ് ചേർത്ത് ആ മതിൽ ശക്തിപ്പെടുത്തുകയാണ് -മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
തെലങ്കാനയിൽ ജാതി സർവേ നടത്തുന്നത് ചരിത്രപരമായ നടപടിയാണെന്നും കോൺഗ്രസ് എവിടെ അധികാരത്തിൽ വന്നാലും അത് ചെയ്യുമെന്നും രാഹുൽ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.