'എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭ്യമാക്കും, വിതരണത്തിന് വിദഗ്ധ സംഘം' -പ്രധാനമന്ത്രി നരേന്ദ്രമോദി
text_fieldsന്യൂഡൽഹി: ഫലപ്രദമായ കോവിഡ് വാക്സിൻ ലഭ്യമായാൽ എല്ലാ ഇന്ത്യക്കാരിലേക്കും വാക്സിൻ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ വിതരണം സംബന്ധിച്ച നടപടികൾക്കായി ദേശീയതലത്തിൽ വിദഗ്ധ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായി ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സിൻ ലഭ്യമായാൽ ദുർബലർക്കും മുൻനിര പോരാളികൾക്കുമാകും ആദ്യം നൽകുക. ഇതു സംബന്ധിച്ച പട്ടിക വിദഗ്ധ സംഘം തയാറാക്കി വരുന്നതായും മോദി പറഞ്ഞു.
കണക്കുകളുടെ അടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ വിതരണത്തിനായി 28,000 കോൾഡ് ചെയിൻ സ്റ്റോറുകൾ തയാറാക്കും. എല്ലാവരിലേക്കും വാക്സിൻ എത്തുന്നതിനായി സംസ്ഥാന, ജില്ല, പ്രാദേശിക തലത്തിൽ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തും. ചിട്ടയോടെയും ഉത്തരവാദിത്തത്തോടെയും മാത്രമേ വാക്സിൻ വിതരണം നടത്തുവെന്നും മോദി കൂട്ടിച്ചേർത്തു. കോവിഡ് വാക്സിൻ നിർമാണം അവസാനഘട്ടത്തിലെത്തി. പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങളിലേക്ക് എങ്ങനെ വാക്സിൻ എത്തിക്കാമെന്ന് വിദഗ്ധർ നിർദേശം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ 150ൽ അധികം കോവിഡ് വാക്സിനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലായി നടക്കുന്നുണ്ട്. ഇന്ത്യയിൽ രണ്ടു വാക്സിനുകളുടെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഭാരത് ബയോടെക്കിെൻറ കോവാക്സിനും സിഡസ് കാഡിലയുടെ വാക്സിനും. ഇതുകൂടാതെ ഇന്ത്യയിൽ ഒാക്സ്ഫഡിെൻറയും ആസ്ട്രസെനക്കയുടെയും വാക്സിൻ പരീക്ഷണവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.