രാജ്യവ്യാപക ലോക്ഡൗൺ പരിഹാരമല്ല; അടുത്ത ഞായർ മുതൽ ബുധൻ വരെ വാക്സിൻ ഉത്സവം -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപക ലോക് ഡൗൺ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗൺ ഇനി സാമ്പത്തിക മേഖലക്ക് താങ്ങാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഒാൺലൈൻ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രിൽ 11 (ഞായർ) മുതൽ 14 (ബുധൻ) വരെ വാക്സിൻ ഉത്സവമായി ആഘോഷിക്കും. പരിശോധന, പിന്തുടരൽ, ചികിത്സ എന്നതാണ് നമ്മുടെ മുന്നിലുള്ള ഫലപ്രദമായ പ്രതിരോധ മാർഗം. ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ 70 ശതമാനമായി ഉയർത്തണം. കെണ്ടയ്ൻമെൻറ് സോണുകളിൽ എല്ലാവർക്കും ടെസ്റ്റ് നടത്തണം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു താഴെയാക്കാൻ പാകത്തിൽ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.
രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ കൊറോണ വൈറസിനെ കുറിച്ച് ജാഗ്രത തുടരാൻ 'കൊറോണ കർഫ്യൂ' എന്ന പദം ഉപയോഗിക്കണം. രാത്രി 9 മുതൽ രാവിലെ 5 വരെയോ രാത്രി 10 മുതൽ രാവിലെ 6 വരെയോ കർഫ്യൂ ഏർപ്പെടുത്തുന്നതാണ് ഗുണകരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ നേരിടുന്നത് ഏറ്റവും മോശം സാഹചര്യമാണ്. കോവിഡ് വ്യാപനം വലിയ വെല്ലുവിളിയാണ്. വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ ചില സംസ്ഥാനങ്ങൾക്ക് വീഴ്ചപറ്റി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. മാക്സ് ധരിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടരാൻ ആവശ്യമായ ബോധവത്കരണം ശക്തിപ്പെടുത്തണം. കോവിഡ് നിർണയ പരിശോധന നടത്താനോ പ്രതിരോധ കുത്തിവെപ്പ് എടുക്കാനോ നമ്മൾ മറക്കുന്നു. പ്രതിരോധ കുത്തിവെപ്പില്ലാതെ കോവിഡിനെതിരായ പോരാട്ടത്തിൽ വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.